ബാങ്കിംഗ്, നിക്ഷേപം തുടങ്ങി ഇന്നത്തെ കാലത്ത് സാമ്പത്തിക ഇടപാടുകളുടെ ആദ്യ പടിയാണ് സേവിംഗ്‌സ് അക്കൗണ്ട്. പലരുടെയും മണി മാനേജ്‌മെന്റ് ആരംഭിക്കുന്നതും സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള തുക സൂക്ഷിക്കാനായും പലരും സേവിംഗ്‌സ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നു. ബാങ്കുമായി മികച്ച ബന്ധമുണ്ടാക്കാനും പലരും സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ പണം സൂക്ഷിക്കുന്നുണ്ട്.
ഇത്തരത്തില്‍ ബാങ്കുമായി മികച്ച ബന്ധം പുലര്‍ത്തുന്നത് വഴി പല ചാര്‍ജുകളില്‍ നിന്നുള്ള ഇളവും പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. ഇത്തരം സേവനങ്ങള്‍ ലഭിക്കുമ്പോഴും സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ പൊതുവെ വരുത്തുന്ന ചില തെറ്റുകളുണ്ട്. പണത്തിന്റെ സുരക്ഷയ്ക്ക് ഇവ ഒഴിവാക്കേണ്ടതാണ്. ഇവ എന്തൊക്കെയാണെന്ന് നോക്കാം.

സേവിംഗ്‌സ് അക്കൗണ്ട് ഒരു നിക്ഷേപമല്ല
സാധാരണയായി സേവിംഗ്‌സ് അക്കൗണ്ടിന്റെ പലിശ നിരക്ക് മറ്റു ബാങ്ക് നിക്ഷേപങ്ങളെ അപേക്ഷിച്ച് കുറവായിരിക്കും. 3.50 ശതമാനം മുതല്‍ 4 ശതമനം വരെയാണ് പല ബാങ്കുകളും സേവിംഗ്‌സ് അക്കൗണ്ടിലെ പണത്തിന് മുകളില്‍ പലിശയായി നല്‍കുന്നത്.
ഇതിനാല്‍ തന്നെ സേവിംഗ്‌സ് അക്കൗണ്ടുകള്‍ ഒരു നിക്ഷേപമായി കണക്കാക്കരുത്. ഹ്രസ്വകാലത്തേക്ക് ആവശ്യമായി വരുന്ന ഫണ്ടുകള്‍ മാത്രം സൂക്ഷിക്കാനാണ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കേണ്ടത്. ഇതിനാല്‍ തന്നെ സേവിംഗ്‌സ് അക്കൗണ്ട് തിരഞ്ഞെടുക്കുന്നത് പലിശ നോക്കിയാകരുത്.

ഉദാഹരണത്തിന് 10 ലക്ഷം രൂപയ്ക്ക് 3 ശതമാനവും 2.50 ശതമാനം പലിശ നല്‍കുന്ന സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് 1 വര്‍ഷത്തിന് ശേഷം ലഭിക്കുന്ന പലിശയിലെ വ്യത്യാസം 5,104 രൂപ മാത്രമാണ്. പലിശയേക്കാളും ബാങ്ക് നല്‍കുന്ന സേവനങ്ങളും ചാര്‍ജുകളുമാണ് പരിശോധിക്കേണ്ടത്. ഉയര്‍ന്ന എടിഎം പിന്‍വലിക്കല്‍ പരിധിയുള്ള ബാങ്കുകള്‍ സേവിംഗ്‌സ് അക്കൗണ്ടിനായി തിരഞ്ഞെടുക്കാം.

മിനിമം ബാലന്‍സ് സൂക്ഷിക്കണം
മിക്ക ബാങ്കുകളും സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. സാലറി അക്കൗണ്ടുകള്‍ക്ക് ഇതില്‍ ഇളവുണ്ട്. ചുരുങ്ങിയ മിനിമം ബാലന്‍സ് 1,000 രൂപയാണ്. ബാങ്കും അക്കൗണ്ട് തരവും ബ്രാഞ്ചും അനുസരിച്ച് മിനിമം ബാലന്‍സ് വ്യത്യാസപ്പെടാം. മിനിമം ബാലന്‍സ് കൃത്യമായി സൂക്ഷിക്കാത്തതിന് ബാങ്ക് പിഴ ഈടാക്കും. ഇതിനാല്‍ അക്കൗണ്ട് എടുക്കുന്ന സമയത്ത് മിനിമം ബാലന്‍സ് പരിഗണിക്കണം.
മിനിമം ബാലന്‍സ് പ്രശ്‌നത്തിന്റെ പേരില്‍ അക്കൗണ്ട് ഒഴിവാക്കുന്നതിന് മുന്‍പ് അക്കൗണ്ടുമായി മ്യൂച്വല്‍ ഫണ്ട്, ഡീമാറ്റ് അക്കൗണ്ട്, എല്‍ഐസി എന്നിവ ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണം.

സേവനങ്ങള്‍ക്കുള്ള ചാര്‍ജുകള്‍
മിക്ക ബാങ്കുകളും പ്രിവിലേജ് സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് വിവിധ ഇളവുകളു ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. പരിധിയില്ലാത്ത പണം പിന്‍വലിക്കല്‍, ബാങ്ക് ലോക്കര്‍ സൗകര്യങ്ങളിലെ ഇളവുകള്‍, മറ്റു ഇളവുകള്‍ എന്നിവ ലഭിക്കും. എന്നാവലിത് സാധാരണ അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കണമെന്നില്ല. ഇത്തരം സേവനങ്ങള്‍ക്ക് ബാങ്ക് ഈടാക്കുന്ന ഉയര്‍ന്ന സര്‍വീസ് ചാര്‍ജുകളെ പറ്റി അറിഞ്ഞിരിക്കണം. ഇതോടൊപ്പം എസ്എംഎസ് നോട്ടിഫിക്കേഷന്‍ ചാര്‍ജ്, അധിക എടിഎം ഇടപാടിനുള്ള ചാര്‍ജ് എന്നിവ പരിഗണിക്കണം.

ഒന്നിലധികം സേവിംഗ്‌സ് അക്കൗണ്ട്
സേവിംഗ്‌സ് അക്കൗണ്ട് എടുക്കാന്‍ വളരെ എളുപ്പമായതിനാല്‍ പലര്‍ക്കും ഒന്നിലധികം അക്കൗണ്ടുകലുണ്ടാകും. ഇവ കൃത്യമായി ഉപയോഗിക്കുക എന്നതും പ്രാധാന്യമായാണ്. കയ്യിലെ സേവിംഗ്‌സ് അക്കൗണ്ട് ഉപയോഗിക്കാതിരുന്നാല്‍ അക്കൗണ്ട് നിഷ്‌ക്രിയമാകും. ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലം അക്കൗണ്ട് ഉപയോഗിക്കാതിരുന്നാല്‍ അക്കൗണ്ട് ഇന്‍ആക്ടീവായി മാറും. സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ക്രെഡിറ്റ്, ഡെബിറ്റ് ഇടപാടുകള്‍ നടത്താത്തിരുന്നാല്‍ അക്കൗണ്ട ഇന്‍ആക്ടീവായി മാറും. രണ്ട് വര്‍ഷമായാല്‍ ഇത് നിഷ്‌ക്രീയാവസ്ഥയിലേക്ക് മാറും.