ബാങ്കുകളുടെ വായ്പ പലിശ നിരക്കുകൾ നല്ല രീതിയിൽ വർധിച്ചിട്ടുണ്ട്. നേരത്തെ ചെറിയ പലിശയ്ക്ക് വായ്പ എടുത്തവരെയും ബാധിക്കുന്നതാണ് ഈ പലിശ നിരക്ക്. പുതിയ നിരക്കിലാണ് ഇനി വായ്പ എടുത്തവർ തിരിച്ചടവ് നടത്തേണ്ടത്. റിപ്പോ നിരക്ക് വർധനവാണ് ബാങ്ക് വായ്പ പലിശയെ ബാധിച്ചത്.
ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയ്കക് ഈടാക്കുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്. 2020 മേയ് മുതല് 2022 മേയ് വരെ 4 ശതമാനായിരുന്ന റിപ്പോ നിരക്ക് ഇന്ന് 5.9 ശതമാനത്തിലേക്ക് എത്തി. 2021 ൽ 6.50 ശതമാനം 6.75 ശതമാനത്തിന് ഭവന വായ്പ എടുത്തവർ ഇന്ന് 8 ശതമാനത്തിന് മുകളിൽ പലിശ അടയ്ക്കേണ്ട സ്ഥിതിയായി.

പലിശ നിരക്ക് നിങ്ങളെ ബാധിച്ചോ
മാസത്തിൽ അടയ്ക്കുന്ന ഇഎംഐയിൽ മാറ്റം വന്നില്ലാ എന്നത് കൊണ്ട് പലിശ നിരക്ക് ബാധിച്ചില്ലെന്ന് പറയാനാകില്ല. കാരണം ഇഎംഐ ഉയർത്തി ബാധ്യത വരുത്തുന്നതിന് പകരം ബാങ്ക് കാലാവധി ഉയർത്തുകയാണ് ചെയ്യുന്നത്. ഇത് സംബന്ധിച്ച് വായ്പയെടുത്തവർക്ക് ബാങ്കുകൾ ഇ-മെയിൽ, എസ്എംഎസ് സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. ഇഎംഐ തുല്യമായി തുടരുമ്പോൾ കാലാവധി കൂടുകയാണ് ചെയ്യുന്നത്.
പ്രത്യക്ഷത്തിൽ ബാധ്യതയില്ലെങ്കിലും ഭാവിയിൽ അടയ്ക്കുന്ന പലിശ കൂടും. ഇതിന് ബദലായി ഇഎംഐ ഉയർത്തി നിലവിലെ കാലവധിയിൽ തന്നെ തുടരണം. ഇല്ലെങ്കിൽ അധിക പലിശ മുഴുവനായി അടയ്ക്കുകയും ചെയ്യാം. ഓരോ വഴിയും തിരഞ്ഞെടുത്താൽ ഉണ്ടാകുന്ന മാറ്റങ്ങൾ പരിശോധിക്കാം.
Also Read: ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ കയ്യിലുണ്ടോ; യാത്ര ചെലവുകളില്‍ നല്ല ഇളവ് നേടാം

ഇഎംഐ ഉയരും
പലിശ നിരക്കിലെ ദശാംശങ്ങളുടെ മാറ്റം വായ്പകാരൻെറ ബജറ്റിനെ വലിയ തോതിൽ ബാധിക്കും. 20 വര്‍ഷത്തേക്ക് 1 കോടി രൂപ വായ്പയെടുത്തൊരാൾ 6.75 ശതമാനം പലിശയിൽ അടച്ചു കൊണ്ടിരിക്കുമ്പോൾ 0.25 ശതമാനം പലിശ വർധിച്ചാൽ പോലും മൊത്തം അടക്കേണ്ട പലിശയില്‍ 3.58 ലക്ഷം രൂപ വര്‍ധിക്കും. പലിശ നിരക്കിലെ വർധനവിന് ഇഎംഐ ഉയർത്തുകയാണെങ്കിൽ 76,036 രൂപയുള്ള മാസ അടവ് 77,530 രൂപയായി ഉയരും.

കാലാവധി ഉയർത്തിയാൽ എന്ത് മാറ്റം
10 ലക്ഷം രൂപ 10 വർഷത്തേക്ക് 8.1 ശതമാനം പലിശ നിരക്കിൽ വായ്പയെടുത്തൊരാൾക്ക് കാലാവധിയോളം അടയ്ക്കേണ്ട പലിശ 4.62 ലക്ഷം രൂപയാണ്. ഇത് പ്രകാരം മാസത്തിൽ 12,186 രൂപ പലിശ വരും, പലിശ 10 ശതമാനമായാൽ തിരിച്ചടയേക്കണ്ട ആകെ പലിശ 5.85 ലക്ഷം രൂപയാകും.
ഇഎംഐ ഉയർത്തുകയാണെങ്കിൽ ആണെങ്കിൽ 13,215 രൂപയാകും മാസത്തിൽ അടയ്ക്കേണ്ടത്. നേരെ മറിച്ച് ഇഎംഐ ഉയർത്താതെ കാലാവധി ഉയർത്തുന്നൊരാൾക്ക് ഇതേ വായ്പയ 10 ശതമാനം നിരക്കിൽ അടച്ച് തീർക്കുമ്പോൾ 11.50 വർഷം വേണ്ടി വരും. ഇക്കാലയളവിൽ ആകെ അടയ്ക്കുന്ന പലിശ 6.86 ലക്ഷം രൂപയാണ്. ബജറ്റിന് താങ്ങുമെങ്കിൽ ഇഎംഐ തുക ഉയർത്തുന്നതാണ് ഉചിതം.

എങ്ങനെ നേരിടും
ഇഎംഐ ഉയർത്തിയാൽ ബജറ്റിനെ ബാധിക്കുന്നവർക്ക് നിലവിലെ ഇഎംഐ തുടർന്ന് കാലാവധി ഉയർത്തുന്നതാണ് ഉചിതം. ഇഎംഐ ഉയർത്തി ജീവിതത്തിലെ ചെലവുകൾക്ക് തുക കണ്ടെത്താനാവാത്ത സാഹചര്യം ബുദ്ധിമുട്ടുണ്ടാക്കും. ഇതോടൊപ്പം ചെറിയ നിക്ഷേപങ്ങൾക്കും തുക കണ്ടെത്താം.
വേഗത്തിൽ ലാഭമുണ്ടാക്കാവുന്ന ഇക്വിറ്റിയിൽ നിക്ഷേപിക്കാം. ഇത്തരത്തിൽ കയ്യിൽ നല്ലൊരു തുക വരുന്ന ഘട്ടത്തിൽ ഈ തുക ഉപയോഗിച്ച് ലോൺ പ്രീ പെയ്മെന്റ് ചെയ്യുക എന്നത് പലിശ ഭാരം കുറയ്ക്കാൻ സഹായമാകും. ഇഎംഐ കുറയ്ക്കാതെ കാലാവധിയിലാണ് കുറവ് വരുത്തുക.