ചിട്ടി ലേലത്തിൽ പിടിച്ചോ നറുക്ക് വഴി ലഭിച്ചാലോ ആ തുക പിൻവലിച്ച് മറ്റൊരിടത്ത് നിക്ഷേപിച്ചാൽ ലാഭമാണോ എന്നാണ് ചോദ്യം. ബാക്കി വരുന്ന ചിട്ടിയുടെ അടവിനുള്ള പണം ഇത്തരത്തിൽ ലഭിച്ചാൽ നിക്ഷേപം ഗുണം ചെയ്യുന്നുണ്ടെന്ന് പറയാം. അല്ലാത്ത പക്ഷം ചിട്ടിയിൽ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. കെഎസ്എഫ്ഇ യിൽ ചിട്ടി പ്രൈസ് മണി സ്ഥിര നിക്ഷേപം നടത്താൻ സൗകര്യമുണ്ട്. ഇത്തരത്തിൽ ചിട്ടി ബാങ്ക് സ്ഥിര നിക്ഷേപമാക്കി മാറ്റിയാൽ ഗുണം ലഭിക്കുമോയെന്ന് നോക്കാം.

ചിട്ടി ലേലം വിളിച്ചെടുത്താൽ
5000 രൂപ മാസത്തവണയുള്ള 40 മാസത്തേക്കുള്ള ചിട്ടി 25 ശതമാനം കിഴിവിൽ വിളിച്ചെടുത്ത ഒരാളുടെ ഉദാഹരണം എടുക്കാം. ലാഭ വിഹിതം കഴിഞ്ഞുള്ള മാസ അടവ് 3,750 രൂപ മുതൽ 5,000 രൂപ വരെയാണ്. ഗ്രോസ് ചിട്ടി തുകയായ 2 ലക്ഷത്തിൽ 25 ശതമാനം കിഴിവും ചിട്ടി കമ്മീഷനും കഴിച്ച് 1,40,000 രൂപയോളം ലഭിക്കും. ഇതിൽ ജിഎസ്ടിയും മറ്റു സർവീസ് ചാർജുകളും ഈടാക്കും. ഇത്തരത്തിൽ ലഭിച്ച തുക 7 ശതമാനം പലിശ ലഭിക്കുന്നിടത്ത് നിക്ഷേപിച്ചാൽ മാസത്തിൽ 816 രൂപയോളമാണ് ലഭിക്കുക. ഈ തുക മാസ ചിട്ടി അടയ്ക്കാൻ അപര്യാപ്തമാണ്..
Also Read: ശമ്പളത്തോടൊപ്പം മാസത്തിൽ അധിക വരുമാനം നേടാം, ഇതാ നിങ്ങൾക്ക് പറ്റിയ 11 നിക്ഷേപങ്ങൾ

1,40,000 രൂപ 10 ശതമാനം പലിശ ലഭിക്കുന്നിടത്ത് നിക്ഷേപിച്ചാൽ 1167 രൂപയോളം ലഭിക്കും. മാസ അടവിലേക്ക് ചെറിയൊരു ശതമാനം തുക ലഭിക്കുമെന്ന് മാത്രമാണ് ഗുണം. ഈ തുക 32 ശതമാനം ആദായം ലഭിക്കുന്നിടത്ത് നിക്ഷേപിച്ചാൽ മാത്രമാണ് മാസ അടവ് അടയ്ക്കാൻ സാധിക്കുന്നത്. 32 ശതമാനം പലിശ ലഭിക്കുമ്പോൾ 3733 രൂപ മാസത്തിൽ ലഭിക്കും.
Also Read: വീഴാതെ നടക്കാൻ പഠിക്കാം; കയ്യിൽ പണമുണ്ടെങ്കിൽ ഒഴിവാക്കേണ്ട തെറ്റുകൾ

ചിട്ടി നറുക്ക് ലഭിച്ചാൽ
മുകളിൽ വിശദീകരിച്ച 2 ലക്ഷത്തിന്റെ ചിട്ടി നറുക്കെടുപ്പിലൂടെ ലഭിച്ചയാൾക്ക് 5 ശതമാനം ചിട്ടി കമ്മീഷൻ കിഴിച്ച് 1,90,000 രൂപ ലഭിക്കും. ഇദ്ദേഹം ചിട്ടി തുക 7 ശതമാനം പലിശ ലഭിക്കുന്ന ബാങ്കിൽ നിക്ഷേപിച്ചാൽ മാസത്തിൽ 1,108 രൂപ മാത്രമാണ് ലഭിക്കുക. 10 ശതമാനം പലിശ ലഭിക്കുന്നിടത്ത് നിക്ഷേപിച്ചാൽ 1,583 രൂപ ലഭിക്കും. മാസ അടവിന്റെ പകുതി പോലും ലഭിക്കില്ലെന്ന് സാരം. മാസ അടവിന് സാഹയകമാകുന്ന തുക ലഭിക്കാൻ 28 ശതമാനം പലിശ ലഭിക്കണം.
Also Read: മാസം മിച്ചം പിടിക്കുന്ന തുക എവിടെ നിക്ഷേപിക്കും; ആർഡി വേണോ, ചിട്ടി കൂടണോ?

അനുയോജ്യമായ പലിശ
മറ്റൊരു ഉദാഹരണമായി 10,000 രൂപ മാസ അടവുള്ള 100 മാസത്തേക്കുള്ള 10 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്നൊരാളുടെ കാര്യം വിശദീകരിക്കാം. ഈ ചിട്ടി നറുക്കിലൂടെ ലഭിക്കുന്നയാൾക്ക് 5 ശതമാനം ചിട്ടി കമ്മീഷൻ കിഴിച്ച് 9.5 ലക്ഷം രൂപ കിട്ടും. 7,375 രൂപ മുതല്‍ 10,000 രൂപ വരെയാണ് മാസ അടവ്. 7 ശതമാനം പലിശ ലഭിക്കുന്നിടത്ത് നിക്ഷേപിച്ചാൽ 5,541 രൂപ മാസം ലഭിക്കും. 10 ശതമാനം പലിശ ലഭിച്ചാൽ 7,916 രൂപ ലഭിക്കും. ഇത് മാസ അടവ് അടക്കാൻ ഉതകുന്ന തുകയാണ്.

ചിട്ടി പണം ലഭിക്കാനുള്ള നടപടികൾ
ചിട്ടി വിളിച്ചെടുത്താലും നറുക്ക് നേടിയാലും പണം ലഭിക്കാൻ നിബന്ധനകളുണ്ട്. ബാക്കിയുള്ള അടവിന് അനുയോജ്യമായ ജാമ്യം നൽകിയാൽ മാത്രമെ തുക പിൻവലിക്കാൻ സാധിക്കുകയുള്ളൂ. കെഎസ്എഫ്ഇ പരിഗണിച്ചാൽ ചിട്ടിയിൽ നിന്ന് മുഴുവൻ തുകയും കൈപ്പറ്റുമ്പോൾ പ്രസ്തുത ചിട്ടിയിൽ എത്ര മാസത്തവണകൾ ബാക്കിയുണ്ടോ ആ സംഖ്യയെ പ്രതിമാസത്തവണ സംഖ്യ കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന സംഖ്യയാണ് ആ വ്യക്തിയുടെ ഭാവി ബാധ്യത. ഭാവി ബാധ്യതയുടെ ഉറപ്പിന് അനുയോജ്യമായ ജാമ്യങ്ങളാണ് നൽകേണ്ടത്.

സാലറിസർട്ടിഫിക്കറ്റ് , ഭൂസ്വത്ത്, ഡെപ്പോസിറ്റ് രസീതുകൾ, സ്വർണ്ണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി മുതലായവയാണ് ചിട്ടിക്ക് വേണ്ടിയുള്ള ജാമ്യ വ്യവസ്ഥകൾ. ചിട്ടി പ്രൈസ് സംഖ്യ സ്ഥിര നിക്ഷേപമായി കെഎസ്എഫ്ഇ യിൽ നിക്ഷേപിക്കുമ്പോൾ 6.50% പലിശയാണ് കെഎസ്എഫ്ഇ നൽകുന്നത്.