പണ സമാഹരണത്തിനുള്ള ഉഗ്രൻ വഴികളിലൊന്നാണ് ചിട്ടികൾ. പല ലക്ഷ്യങ്ങൾക്കുള്ള പണത്തിനായി ചിട്ടിയിൽ ചേരുന്നവരുണ്ട്. ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കാനും വീട് അറ്റകുറ്റപണി, വിവാഹം, വാഹനം വാങ്ങൽ തുടങ്ങിയ പല ലക്ഷ്യങ്ങൾക്കുള്ള തുകയും ചിട്ടിയിൽ നിന്ന് കണ്ടെത്താം. പെട്ടന്നുള്ള പണ സമാഹരണത്തിന് പൊതുവെ ഹ്രസ്വകാല ചിട്ടികളാണ് ഉപകാരപ്പെടുക. സാധാരണക്കാർക്ക് ചേരാൻ സാധിക്കുന്ന കെഎസ്എഫ്ഇയിലെ ഹ്രസ്വകാല ചിട്ടി പരിചയപ്പെടാം.

ചിട്ടി വിശദാംശങ്ങൾ
2,500 രൂപയുടെ മാസ അടവുള്ള 40 മാസത്തെ കാലാവധിയുള്ള 1 ലക്ഷം രൂപയുടെ ഹ്രസ്വകാല റെഗുലർ ചിട്ടിയാണിത്. 40 പേരാണ് ചിട്ടിയിലെ അംഗങ്ങൾ. മാസത്തിൽ പരമാവധി 2,500 രൂപയാണ് ചിട്ടിയുടെ അടവ് വരുന്നത്. ചിട്ടി തുകയുടെ 5 ശതമാനം ഫോർമാൻസ് കമ്മീഷനായി ഈടാക്കും. ഇവിടെ ഫോർമാൻസ് കമ്മീഷനായി 5,000 രൂപ ഈടാക്കും. ജി.എസ്.ടി. ആയി 900 രൂപയും ഡോക്യുമെന്റേഷൻ ചാർജായി 230 രൂപയോളവും ഈടാക്കും.
Also Read: മാസത്തിൽ നിക്ഷേപിക്കാൻ ഒരുങ്ങിയോ; 5,000 രൂപ പ്രതിമാസം നിക്ഷേപിക്കാൻ പറ്റിയ 2 പദ്ധതികൾ ഇതാ

ലേലം നടപടികൾ
റെഗുലർ ചിട്ടിയായതിനാൽ മാസത്തിൽ ഒരാൾക്കാണ് ചിട്ടി ലഭിക്കുക. പരമാവധി 30,000 രൂപയാണ് ലേല കിഴിവ്. ഇതിൽ ഫോർമാൻസ് കമ്മീഷൻ ഉൾപ്പെടും. അതായത് ഒരാൾക്ക് 70,000 രൂപയ്ക്ക് ചിട്ടി വിളിച്ചെടുക്കാൻ സാധിക്കും. റെഗുലർ ചിട്ടിയായതിനാൽ 30 ശതമാനമാണ് പരമാവധി ലേല കിഴിവ്. പരമാവധി ലേല കിഴിവിൽ ചിട്ടി വിളിക്കാൻ ഒന്നിൽ കൂടുതൽ ചിട്ടി വരിക്കാരുണ്ടെങ്കിൽ നറുക്കിലൂടെ ഒരാൾക്ക് ചിട്ടി തുക നൽകും.
അല്ലാത്ത മാസങ്ങളിൽ ചിട്ടി ലേലം നടക്കും. 5001 രൂപ മുതലാണ് ചിട്ടി ലേലം ആരംഭിക്കുക. 30,000 രൂപ വരെ ചിട്ടി ലേലത്തിൽ വിളിക്കാം. പണത്തിന് അത്യാവശ്യമുള്ളവർ പരാവധി ലേല കിഴിവിൽ വിളിക്കും. ഇത്തരത്തിൽ ചിട്ടി പരമാവധിയിൽ വിളിച്ചാലും കാലാവധിയോളം കാത്തിരുന്നാലും 70,000 രൂപയ്ക്കും 95,000 രൂപയ്ക്കും ഇടയിലുള്ളൊരു തുകയാണ് ലഭിക്കുക.

മാസ അടവ്
ചിട്ടിയിലെ മാസ അടവ് ലേല കിഴിവിനെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. ചിട്ടിയില പരമാവധി മാസ അടവ് 2,500 രൂപയാണ്. ആദ്യ മാസത്തിൽ ഈ തുക തന്നെ അടയ്ക്കണം. പരമാവധി ലേല കിഴിവിൽ ചിട്ടി ലേലം പോകുന്ന മാസങ്ങളിൽ 1,875 രൂപ അടച്ചാൽ മതിയാകും. ഹ്രസ്വകാല ചിട്ടിയായതിനാൽ അധിക മാസം പരമാവധി ലേല കിഴിവിൽ പോകില്ല. മാസങ്ങൾ കഴിയുന്നതിന് അനുസരിച്ച് ലേല കിഴിവ് കുറഞ്ഞു വരുകയും മാസ അവ് കൂടുകയും ചെയ്യും.

ആർക്കൊക്കെ അനുയോജ്യം
1 വർഷത്തിനകം 80,000 രൂപ ആവശ്യമായി വരുന്നവരാണെങ്കിൽ ചേരാൻ പറ്റിയ ചിട്ടിയാണ് ഈ 40 മാസത്തിന്റെ 1 ലക്ഷം രൂപയുടെ ചിട്ടി. 1 വർഷത്തിനുള്ളിൽ 80,000 രൂപ മുതൽ 85,000 രൂപ വരെ ലേലം പിടിക്കാൻ സാധിക്കും.
ദിവസം 100 രൂപ മുതൽ 75 രൂപ വരെ കയ്യിൽ കരുതാൻ സാധിക്കുന്നവർക്കും ഈ ചിട്ടി ചേരാം. ദിവസ അടവ് തിരഞ്ഞെടുക്കുന്നവർക്ക് ഇത്രയും തുക മാത്രം ദിവസം അടച്ചാൽ മതിയാകും. ഇത്തരക്കാർക്ക് ഈ ചിട്ടി തിരഞ്ഞെടുക്കാം.
Also Read: സ്വര്ണമോ റിയല് എസ്റ്റേറ്റോ; ദീര്ഘകാലത്തേക്ക് അനുയോജ്യമായ നിക്ഷേപം ഏതാണ്

ജാമ്യം
ചെറിയ തുകയുടെ ചിട്ടിയായതിനാൽ ചെറിയ തുകയുടെ മേൽബാധ്യത മാത്രമാണ് ഈ ചിട്ടിയിൽ നിന്ന് ഉണ്ടാകുന്നത്. ഇതിന് അനുസരിച്ച് എല്ലാവർക്കും ലഭ്യമായ ജാമ്യങ്ങൾ നൽകാം. ഉദാഹരണമായി 15-ാം മാസം ചിട്ടി ലേലത്തിൽ പിടിച്ചാൽ 40 മാസ ചിട്ടിയിൽ ബാക്കി 25 മാസമാണ് ചിട്ടി അടയ്ക്കാൻ ബാക്കിയുള്ളത്.
25 മാസത്തേക്കുള്ള മേൽ ബാധ്യത 62,500 രൂപയാണ്. എൽഐസി സറണ്ടർ വാല്യുവോ സ്വർണമോ സ്ഥിര നിക്ഷേപമോ ഈടായി നൽകി ഈ ചിട്ടിയിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കും.