കൃത്യമായി പണത്തെ ക്രമീകരിക്കുന്നൊരാള്‍ക്ക് നിക്ഷേപത്തിനും എമര്‍ജന്‍സി ഫണ്ടിനും ഒപ്പം ആവശ്യമായ കാര്യമാണ് ഇന്‍ഷൂറന്‍സ്. പെട്ടന്ന് സംഭവിക്കാനുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നത് പോലെ ഭാവിയിലേക്ക് നിക്ഷേപിക്കുന്നത് പോലെ സ്വന്തം ജീവിതത്തിനുള്ള സുരക്ഷിതത്വമാണ് ഇന്‍ഷൂറന്‍സുകള്‍. ആകസ്മികമായുണ്ടാകുന്ന വേര്‍പ്പെടുത്തലുകളില്‍ കുടുംബത്തിന് സാമ്പത്തിക ഭദ്രത ഒരുക്കുകയെന്നതാണ് ഇന്‍ഷൂറന്‍സുകളുടെ ലക്ഷ്യം. ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയങ്ങളുടെ വലിയ പ്രീമിയം താങ്ങാനാവാത്ത സാധാരണക്കാര്‍ക്കും ഇന്ന് സര്‍ക്കാര്‍ തലത്തില്‍ ഇന്‍ഷൂറന്‍സുകളുണ്ട്.

രാജ്യത്തെ എല്ലാവര്‍ക്കും ഇന്‍ഷൂറന്‍സ് സൗകര്യം ലഭ്യമാക്കുക എന്ന ഉദ്യേശത്തോടെ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയാണ് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന (പിഎംജെജെബിവൈ). 2015ലെ യൂണിയന്‍ ബജറ്റില്‍ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന അരുണ്‍ ജയറ്റ്‌ലിയാണ് പദ്ധതി അവതരിപ്പിച്ചത്. 436 രൂപ ചെലവില്‍ വര്‍ഷത്തേക്ക് ഇന്‍ഷൂറന്‍സാണ് ഈ പദ്ധതി വഴി ലഭിക്കുക.

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന- ഒറ്റനോട്ടത്തില്‍
* പദ്ധതിയുടെ തുടക്കത്തില്‍ 330 രൂപയ്ക്ക് 2 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സാണ് ലഭിച്ചിരുന്നത്. ഇപ്പോഴത്തെ വാര്‍ഷിക പ്രീമിയം 436 രൂപയാണ്.
* പോളിസിയുടെ കാലാവധി ഒരു വര്‍ഷമാണ്. ജൂണ്‍ 1 മുതല്‍ മേയ് 31 വരെയാണിത്.
* പോളിസി ഉടമ അപകടത്തില്‍ മരണപ്പെട്ടാലാണ് 2 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് ലഭിക്കുന്നത്. അപകടത്തില്‍ അംഗവൈകല്യമുണ്ടായാല്‍ 1 ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സും ലഭിക്കും.
* 18 വയസിനും 55 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പോളിസിയില്‍ ചേരാന്‍ സാധിക്കുക.
* ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റ് വഴിയാണ് പോളിസിയുടെ പ്രീമിയം ഈടാക്കുക.
* ബാങ്ക് പാസ്ബുക്ക് രേഖകള്‍, പാന്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ പദ്ധതിയില്‍ ചേരാ ആവശ്യമാണ്.

ആനുകൂല്യങ്ങള്‍
വര്‍ഷത്തില്‍ 436 രൂപയാണ് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജനയിലെ പ്രീമിയം തുക. പദ്ധതി വഴി 2 ലക്ഷത്തിന്റെ ലൈഫ് ഇന്‍ഷൂറന്‍സ് ലഭിക്കും. പോളിസി കാലയളവില്‍ ഉടമ മരണപെട്ടാല്‍ നോമിനിക്ക് 2 ലക്ഷം രൂപ നല്‍കും. 55 വയസ് വരെയുള്ള മരണങ്ങള്‍ക്കാണ് പരിരക്ഷ ലഭിക്കുക. അപകടങ്ങളിലുണ്ടാകുന്ന അംഗവൈകല്യത്തിന് 1 ലക്ഷം രൂപയും ലഭിക്കും.

പ്രീമിയം
വര്‍ഷത്തില്‍ പ്രീമിയം പുതുക്കിയാണ് പോളിസി തുടരാനാവുക. പ്രീമിയം അടയ്ക്കുന്നതും എളുപ്പത്തില്‍ നടക്കും എന്നത് പദ്ധതിയുടെ ഗുണമാണ്. ബാങ്ക് അക്കൗണ്ടില്‍ നിന്ന് പ്രീമിയം തുക ഓട്ടോ ഡെബിറ്റ് ആവുകയാണ് ചെയ്യുക. മേയ് 31 നാണ് അടുത്ത വര്‍ഷത്തെ പ്രീമിയം അടയ്‌ക്കേണ്ടത്.
ഇതിനാല്‍ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജനയുമായി ബന്ധപ്പെടുത്തിയ അക്കൗണ്ടില്‍ ഈ സമയത്ത് തുക കരുതണം. നേരത്തെ 330 രൂപയായിരുന്നു പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജനയില്‍ ചേരാനുള്ള പോളിസി തുക. ഇത് 2022 ജൂണ്‍ 1 മുതലാണ് 436 രൂപയാക്കി ഉയര്‍ത്തിയത്.

എവിടെ നിന്ന് ചേരാം
ബാങ്ക്, പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് പദ്ധതിയില്‍ ചേരാനുള്ള താല്‍പര്യം അറിയിച്ച് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജനയില്‍ ചേരാന്‍ സാധിക്കും. ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ മറ്റ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ എന്നിവര്‍ വഴിയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്. എല്‍ഐസി വഴി ബ്രാഞ്ചിലെത്തിയും ഓണ്‍ലൈനായും പദ്ധതിയില്‍ ചേരാം. ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് കെവൈസി വെരിഫിക്കേഷന്‍ നടത്തും.

പോളിസി കാലാവധി
പോളിസി ഉടമയ്ക്ക് 55 വയസ് പൂര്‍ത്തിയാകുന്നതോടെ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജനയുടെ ആനുകൂല്യങ്ങള്‍ അവസാനിക്കും. പ്രീമിയം അടയ്‌ക്കേണ്ട സമയത്ത് അക്കൗണ്ടില്‍ ബാലന്‍സ് ഇല്ലെങ്കിലോ അക്കൗണ്ട് പ്രവര്‍ത്തന രഹിതമായാലോ പദ്ധതിയുടെ അനുകൂല്യം തുടര്‍ന്ന് ലഭിക്കില്ല. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജനയില്‍ തുടക്കം മുതല്‍ ചേരാത്തവരാണെങ്കില്‍ ആരോഗ്യ സ്ഥിതി സംബന്ധിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കണം. പോളിസി പാതിയില്‍ റദ്ദാക്കി പിന്നീട് പുതുക്കുന്നവരും ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നല്‍കണം.