തിരുവനന്തപുരം: വിദ്യാശ്രീ ചിട്ടി പദ്ധതിക്ക് കേരളത്തിൽ തുടക്കമായി. സാധാരണക്കാരുടെ കുട്ടികൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പ് നൽകുന്ന പദ്ധതിയാണിത്. കേരള സ്റ്റേറ്റ് ഫിനാഷ്യല്‍ എന്‍റര്‍പ്രൈസസ്സ് (കെഎസ്എഫ്ഇ) ആണ് ഈ ചിട്ടി ആരംഭിച്ചത്.
വിദ്യാശ്രീ ചിട്ടിയില്‍ ചേരുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് തിരിച്ചടവിന്‍റെ മൂന്നാം മാസം ലാപ്ടോപ്പ് ലഭിക്കും. സ്കൂള്‍ ഡിജിറ്റലൈസേഷനു നേതൃത്വം നല്‍കിയ കൈറ്റ്സാണ് ലാപ്ടോപ്പിനുള്ള സ്പെസിഫിക്കേഷന്‍ ലഭ്യമാക്കിയത്. ഇതുപ്രകാരം ഐടി മിഷന്‍റെ നേതൃത്വത്തിൽ ലാപ്ടോപ്പിനുള്ള ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ സംസ്ഥാന സർക്കാർ പൂർത്തീകരിച്ചു.

ഇതേസമയം, ഏറ്റവും കുറഞ്ഞ വില ക്വാട്ട് ചെയ്ത കമ്പനിക്കു മാത്രമായി വിതരണ കരാര്‍ നല്‍കുകയല്ല ചെയ്തിട്ടുള്ളത്. ടെന്‍ഡറില്‍ സാങ്കേതികമായി യോഗ്യതയുള്ള എല്ലാ കമ്പനികളെയും എംപാനല്‍ ചെയ്യുകയും അതുപ്രകാരം അപേക്ഷകര്‍ക്ക് ഇഷ്ടമുള്ള ലാപ്ടോപ്പ് തിരഞ്ഞെടുക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതിയുടെ ആവിഷ്കരണം.
ചിട്ടിയിലേയ്ക്കുള്ള രജിസ്ട്രേഷന്‍ നടപടികൾ തുടരുകയാണ്. ഇനിയും കുടുംബശ്രീ അംഗങ്ങള്‍ക്ക് ഈ പദ്ധതിയില്‍ ചേരാം. ലാപ്ടോപ്പിന് അപേക്ഷിക്കാനായി പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സർക്കാർ രൂപീകരിച്ചിട്ടുണ്ട്. പത്തുലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭ്യമാകുമെന്നാണ് പ്രാഥമിക നിഗമനം.

ഇതിനോടകം ചിട്ടിയില്‍ ചേര്‍ന്ന് മൂന്നു മാസം പൂര്‍ത്തിയാക്കിയ 60,816 അംഗങ്ങള്‍ ലാപ്ടോപ്പിന് അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ 17,343 അംഗങ്ങള്‍ ലാപ്ടോപ്പിന്‍റെ മോഡല്‍ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. ആശ്രയ, എസ്സി-എസ്ടി കുടംബങ്ങളിലിലെ കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ലാപ്ടോപ്പ് ലഭിക്കുക. ആശ്രയ കൂടുംബങ്ങള്‍ക്ക് 50 ശതമാനം ഡിസ്ക്കൗണ്ട് ലഭ്യമായിരിക്കും. വിലയുടെ 25 ശതമാനം വരെ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ സബ്സിഡി നല്‍കും. കോവിഡ് മഹാമാരി സൃഷ്ടിച്ച പഠന തടസ്സത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തു തന്നെ നടപ്പാക്കുന്ന മാതൃകാപരമായ പദ്ധതിയായി വിദ്യാശ്രീ പദ്ധതി മാറിക്കഴിഞ്ഞു.

മൂന്നുമാസംകൊണ്ട് 1500 രൂപ അടച്ചാല്‍ ലാപ്ടോപ്പ് സ്വന്തമാക്കാന്‍ കഴിയുന്ന ഈ പദ്ധതിയില്‍ 25 ശതമാനം വരെ തദ്ദേശഭരണ സ്ഥാപങ്ങള്‍ക്കു സബ്സിഡി നല്‍കാന്‍ സാധിക്കും. മത്സ്യത്തൊഴിലാളികള്‍, പട്ടികവിഭാഗങ്ങള്‍, ആശ്രയ കുടുംബങ്ങള്‍ എന്നിവര്‍ക്കെല്ലാം വലിയ തോതില്‍ സബ്സിഡി നല്‍കിക്കൊണ്ട് എല്ലാവര്‍ക്കും ലാപ്ടോപ്പ് എത്തിക്കുന്ന വിധത്തിലാണ് സംസ്ഥാന സർക്കാരിന്റെ പദ്ധതി മുന്നേറുന്നത്. സാര്‍വത്രിക ഇന്‍റര്‍നെറ്റ് അവകാശംകൂടി ആകുന്നതോടെ കേരളം വിജ്ഞാന സമൂഹമായി മുന്നേറുന്നതിനുള്ള പശ്ചാത്തലം സമ്പൂര്‍ണ്ണമായി ഒരുങ്ങുമെന്ന് മുഖ്യമന്ത്രി പിണറാജി വിജയൻ പറഞ്ഞു.

വൈകാതെ കെഫോൺ പദ്ധതിയും സംസ്ഥാനത്ത് സജീവമാകും. കേരളത്തിന്‍റെ മുക്കിലും മൂലയിലും ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്തിലും വേഗത്തിലും ഇന്‍റര്‍നെറ്റ് ഉറപ്പാക്കുന്ന സര്‍ക്കാരിന്‍റെ വിവരവിനിമയ ഹൈവേയാണിത്. ഇങ്ങനെ വിദ്യാഭ്യാസത്തിലും വിജ്ഞാനരൂപീകരണത്തിലും തൊഴില്‍സൃഷ്ടിയിലും അതുവഴി നാടിന്‍റെ പുരോഗതിയിലും വിവരവിനിമയ സാങ്കേതികവിദ്യയെ സമ്പൂര്‍ണ്ണമായി വിളക്കിച്ചേര്‍ക്കുന്നതിനുള്ള വിപുലമായ പരിപാടിയുടെ ഒരു കണ്ണിയാണ് വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതിയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.