മാര്‍ക്കറ്റ് ഇതെങ്ങോട്ടാണ് പോകുന്നത്? വെള്ളിയാഴ്ച്ച നിഫ്റ്റി സൂചിക പലകുറി 18,500 മാര്‍ക്ക് പിന്നിടുന്നത് കണ്ടപ്പോള്‍ ട്രേഡര്‍മാരും നിക്ഷേപകരും ഒരുപോലെ പകച്ചുനിന്നു. ഇല്ല, നിഫ്റ്റിക്ക് താഴേക്കിറങ്ങാന്‍ ഉദ്ദേശ്യമില്ല. രാവിലെ 18,445 പോയിന്റ് വരെയ്ക്കും പതറിയെങ്കിലും കാളകള്‍ മത്സരം തിരിച്ചുപിടിച്ചു. നവംബര്‍ ഡെറിവേറ്റീവ് സീരീസിന് (Derivative Series) ഗംഭീരമായി തിരശ്ശീലയിട്ട ഇന്ത്യന്‍ വിപണി നടപ്പുവാരം 18,500 പോയിന്റ് നില വിജയകരമായി സംരക്ഷിച്ചിരിക്കുകയാണ്.
വിദേശ നിക്ഷേപകരുടെ ശക്തമായ വാങ്ങലുകള്‍ കാണുമ്പോള്‍ ഒരു കാര്യമുറപ്പ്; നിഫ്റ്റി പുത്തന്‍ ഉയരം കണ്ടെത്താനുള്ള പുറപ്പാടിലാണ്. ഡിസംബര്‍ ഡെറിവേറ്റീവ് സീരീസില്‍ 18,900-18,950 നില പരീക്ഷിക്കാനുള്ള ആത്മവിശ്വാസം ഇപ്പോള്‍ സൂചികയ്ക്കുണ്ട്.

നേരത്തെ, നവംബര്‍ സീരീസില്‍ 4 ശതമാനത്തിലേറെ ഉയര്‍ന്ന നിഫ്റ്റി 52 ആഴ്ച്ച ഉയരം കയ്യടക്കിയിരുന്നു. സെപ്തംബറിലെ വന്‍വീഴ്ച്ച കണക്കാക്കിയാല്‍ സൂചിക 10 ശതമാനത്തിലേറെ കയറിക്കഴിഞ്ഞു. ഒരു വെടിക്കുള്ള മരുന്നു നിഫ്റ്റിയില്‍ ഇനിയും ബാക്കിയുണ്ടെന്നാണ് മുന്നോട്ടുള്ള സൂചനയും.
വെള്ളിയാഴ്ച്ച 28 പോയിന്റ് കൂട്ടിച്ചേര്‍ത്താണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത് (18,512.75 പോയിന്റ്). 'ഡിസംബര്‍ സീരീസിലേക്ക് വിപണി കടക്കുമ്പോള്‍ ബുള്ളിഷ് കാഴ്ച്ചപ്പാട് ശക്തമാണ്. എക്കാലത്തേയും ഉയര്‍ന്ന നില തിരുത്താന്‍ നിഫ്റ്റി ശ്രമിക്കും. ഡിസംബര്‍ സീരീസില്‍ 18,900 ആണ് ഞങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന നിഫ്റ്റി ടാര്‍ഗറ്റ്', ഐഐഎഫ്എല്‍ സെക്യുരിറ്റീസിലെ ഡെറിവേറ്റീവ് അനലിസ്റ്റ് ശ്രീറാം വേലായുധന്‍ പറയുന്നു.
നവംബര്‍ എക്‌സ്പയറി ദിനം ഡിസംബര്‍ സീരീസില്‍ ലോംഗ് പൊസിഷനുകള്‍ എടുക്കാനുള്ള തിരക്ക് കാണാനുണ്ടായിരുന്നു. അതായത്, 18,600 മാര്‍ക്കിന് മുകളില്‍ നിഫ്റ്റിയെ കടത്താന്‍ വിദേശ നിക്ഷേപകര്‍ കൊണ്ടുപിടിച്ചു ശ്രമിക്കും. മുന്‍പ്, 2021 ഒക്ടോബറിലാണ് 18,600 നില നിഫ്റ്റി കയ്യടക്കിയത്.
ഡിസംബര്‍ സീരീസിലെ തുടക്കത്തില്‍ നിഫ്റ്റി ഫ്യൂച്ചറില്‍ 8,79,500 കോണ്‍ട്രാക്ടുകള്‍ വിദേശ നിക്ഷേപകര്‍ എടുത്തിട്ടുണ്ട്. നവംബര്‍ സീരീസിലിത് 2,32,800 കോണ്‍ട്രാക്ടുകള്‍ മാത്രമായിരുന്നു.

സ്‌റ്റോക്ക് ഫ്യൂച്ചറുകളിലും സമാനമായ ചിത്രം കാണാം; 13,63,300 കോണ്‍ട്രാക്ടുകളില്‍ വിദേശ നിക്ഷേപകര്‍ പൊസിഷന്‍ എടുത്തിട്ടുണ്ട്. നവബര്‍ സീരീസിലിത് 11,73,700 കോണ്‍ട്രാക്ടുകളായിരുന്നു.
'ഇപ്പോഴത്തെ പൊസിഷനുകള്‍ അടിസ്ഥാനപ്പെടുത്തിയാല്‍ നിഫ്റ്റി 18,950 മാര്‍ക്കിലേക്ക് ചുവടുവെയ്ക്കാന്‍ സാധ്യതയേറെ. ഇതേസമയം, 18,950 കടമ്പ കടക്കണമെങ്കില്‍ സൂചികയ്ക്ക് വിശാല വിപണികളുടെ പിന്തുണ കൂടിയേ തീരൂ', നുവാമ വെല്‍ത്ത് മാനേജ്‌മെന്‌റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
നിഫ്റ്റിയുടെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ ഡിസംബര്‍ സീരീസില്‍ വിപണിയെന്നും പോസിറ്റീവ് റിട്ടേണുകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. കഴിഞ്ഞ 20 വര്‍ഷത്തെ കണക്കെടുത്താല്‍ ഡിസംബറിലാണ് ഏറ്റവും ഉയര്‍ന്ന ശരാശരി നേട്ടം സൂചിക കയ്യടക്കാറ് (3.2 ശതമാനം).
അതായത്, സാന്റാ റാലിക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ഓഹരി വിപണി. രൂക്ഷമായ ചാഞ്ചാട്ടം കണ്ട 2022 -നോട് പുഞ്ചിരിയോടെ വിടപറയാനായിരിക്കും നിഫ്റ്റി ശ്രമിക്കുക.
വാരാന്ത്യം
വെള്ളിയാഴ്ച്ച ജാഗ്രതയോടെയാണ് നിക്ഷേപകര്‍ വ്യാപാരത്തില്‍ പങ്കെടുത്തത്. അമേരിക്കന്‍ വിപണികള്‍ അവധിയില്‍ കടന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയിലെ മുകളിലേക്ക് കൊണ്ടുപോകാന്‍ പര്യാപ്തമായ ഊര്‍ജ്ജം നിക്ഷേപകര്‍ക്ക് ലഭിച്ചില്ല.
വാരാന്ത്യം നേട്ടത്തില്‍ ഇടപാടുകള്‍ ആരംഭിച്ച പൊതുമേഖലാ ബാങ്ക് ഓഹരികള്‍ അവസാന മണിക്കൂറുകളില്‍ 'ഫ്‌ളാറ്റായി' തിരിച്ചെത്തി. എഫ്എംസിജി, ബാങ്ക് സൂചികളാകട്ടെ നഷ്ടത്തിലും തിരശ്ശീലയിട്ടു. മീഡിയ, ഓട്ടോ, റിയല്‍റ്റി ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടം കയ്യടക്കിയത്.
ടാറ്റ മോട്ടോര്‍സ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഹീറോ മോട്ടോകോര്‍പ്പ്, കോള്‍ ഇന്ത്യ തുടങ്ങിയവരാണ് നേട്ടക്കാരില്‍ മുന്നില്‍. ഐസിഐസിഐ ബാങ്ക്, നെസ്‌ലെ ഇന്ത്യ, കൊട്ടാക്ക് ബാങ്ക് ഓഹരികള്‍ ഇന്നത്തെ വ്യാപാരത്തിൽ കാര്യമായി നിറംമങ്ങുകയും ചെയ്തു.