പ്രതീക്ഷിച്ച തീരുമാനം നടപ്പാക്കി റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗം. റിപ്പോ നിരക്ക് 35 അടിസ്ഥാന നിരക്ക് വര്‍ധനിപ്പിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനത്തിലെത്തി. ഇതോടൊപ്പം സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്കും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്കിലും 35 അടിസ്ഥാന നിരക്കിന്റെ വർധനവുണ്ട്.
സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6 ശതമാനമായും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക് 6.5 ശതമാനവുമായി ഉയർന്നു. മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 6.7 ശതമാനമായി റിസർവ് ബാങ്ക് നിലനിർത്തി. നേരത്തെ 7 ശതമാനമാക്കി നിജപ്പെടുത്തിയിരുന്ന ജിഡിപി വളർച്ച നിരക്ക് 6.8 ശതമാനക്കി കുറയ്ക്കുകയും ചെയ്തു.
റിസർവ് ബാങ്ക് ഗവർണറുടെ വിലയിരുത്തലുകൾ
ലോകം മുഴുവന്‍ പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുമ്പോഴും ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ പ്രതിരോധിച്ച് നില്‍ക്കുകയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് വ്യക്തമാക്കി. ശീതകാല വിളവെടുപ്പ് വരുന്നതോടെ പണപ്പെരുപ്പം ഇനിയും താഴുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യൻ കോർപ്പറേറ്റുകൾ ആരോഗ്യകരമാണ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായി നിലനിൽക്കുന്നു. ഈ വർഷം തന്നെ ഏഷ്യയിൽ അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയായിഇന്ത്യ മാറുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതീക്ഷിച്ച വർധനവ്
പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ക്ഷമതാ പരിധിയായ 6 ശതമാനത്തിന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ പ്രധാന നിരക്കുളിൽ വര്‍ധനവ് ഉണ്ടാകുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു.. പണപ്പെരുപ്പം തുടര്‍ച്ചയായ മൂന്ന് പാദങ്ങളിൽ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ മേയ് മാസം മുതല്‍ റിപ്പോ നിരക്കിൽ 190 ബേസിക് പോയിന്റിന്റെ വർധനവാണ് റിസര്‍വ് ബാങ്ക് വരുത്തിയത്. 35 അടിസ്ഥാന നിരക്ക് കൂടി വർധിച്ചതോടെ 225 അടിസ്ഥാന നിരക്കിന്റെ വർധനവായി.
ഒക്ടോബറില്‍ റീട്ടെയില്‍ പണപ്പെരുപ്പം മുന്‍ മാസത്തെ 7.41 ശതമാനത്തില്‍ നിന്ന് 6.77 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. 2016 ല്‍ അവതരിപ്പിച്ച ഫ്‌ളെകിസിബള്‍ ഇന്‍ഫ്‌ലേഷന്‍ ടാര്‍ഗെറ്റ് പ്രകാരം തുടര്‍ച്ചയായ മൂന്ന പാദങ്ങളില്‍ ഉപഭോക്തൃ സൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2-6 ശതമാനം എന്ന പരിധിക്ക് അപ്പുറം കടക്കുകയാണെങ്കില്‍ വിലക്കയറ്റം നിയന്ത്രണിക്കുന്നതിൽ നിന്ന് ആർബിഐ പരാജയപ്പെട്ടെന്നാണ് കണക്കാക്കുന്നത്. റിപ്പോ നിരക്ക് ഉയർന്നത് ബാങ്ക് വായ്പ പലിശ നിരക്കിലും നിക്ഷേപ പലിശ നിരക്കിലും വര്‍ധനവ് വരും.
Also Read: 1 വർഷത്തേക്ക് 7.50%; ഹ്രസ്വകാലത്തേക്ക് മികച്ച പലിശ നൽകുന്നത് കേരളകരയിലെ ബാങ്കുകൾ തന്നെ
വായ്പയെടുത്തവരുടെ വയറ്റത്തിടിക്കും
റിപ്പോ നിരക്ക് വര്‍ധനവ് ഉപഭോക്തൃ വായ്പ എടുത്തവരെ ബാധിക്കും. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയ്ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. ഇതി വര്‍ധിക്കുന്നതോടെ ബാങ്ക് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന പലിശയും വര്‍ധിക്കും. ഇതോടെ പുതിയയും പഴയതുമായ ഭവന, വാഹന വായ്പകൾ ചെലവേറും. ഇഎംഐ ഉയരുന്നത് ബജറ്റിനെ താളം തെറ്റിക്കും.
പൊതുവെ ഇഎംഐ ഉയരുമ്പോൾ വായ്പ കാലാവധി ഉയർത്തുകയാണ് ചെയ്യുന്നത്. വായ്പയുടെ പരമാവധി കാലാവധി വായ്പയെടുത്തയാളുടെ 60 വയസിനപ്പുറം കടക്കാൻ പാടില്ലെന്ന നിബന്ധന പല ബാങ്കുകൾക്കുമുണ്ട്. ഇതിനാൽ ദീർഘകാല വായ്പയെടുത്തവരുടെ ഇഎംഐ കൂടും. ചെറിയ കാലയളവിനിടെ വലിയ വര്‍ധനവ് പലിശ നിരക്കില്‍ വന്നതോടെ ഭവന വായ്പയെടുത്ത പലര്‍ക്കും ഇനി കാലാവധി കൂട്ടി നല്‍കാന്‍ ബാങ്കുകള്‍ക്ക് സാധിക്കില്ല. പകരം ഇഎംഐ വര്‍ധിക്കും.
പരിഹാരം എന്ത്
ഇതിന് പകരം ഫണ്ട് ലഭ്യമാകുന്നതിന് അനുസരിച്ച് ഭവന വായ്പ മുൻകൂട്ടി അടയ്ക്കുന്നതാണ് നല്ലത്. ഭവന വായ്പ ബാലൻസുള്ള തുകയുടെ 5 ശതമാനം വീതം വർഷത്തിൽ അടയ്ക്കുന്നൊരാൾക്ക് 20 വർഷ വായ്പ 12 വർഷം കൊണ്ട് പൂർത്തിയാക്കാം. വർഷത്തിൽ ഒരു ഇഎംഐ അധികം അടച്ചാൽ പോലും 17 വർഷം കൊണ്ട് അടച്ചു തീർക്കാം.
വർഷത്തിൽ ഇഎംഐ 5 ശതമാനം വർധിപ്പിച്ച് അടയ്ക്കുകയാണെങ്കിൽ 13 വർഷം കൊണ്ട് ബാധ്യത അവസാനിപ്പിക്കാം. ഇതോടൊപ്പം പലിശ കുറഞ്ഞ ബാങ്കിലേക്ക് വായ്പ റീ ഫിനാൻസ് ചെയ്യുന്നതും ഗുണകരമാണ്. കുറഞ്ഞത് .50 ശതമാനമെങ്കിലും പലിശ നിരക്കിൽ വ്യത്യാസമുള്ളിടത്തേക്ക് വായ്പ മാറ്റണം.
നിക്ഷേപകര്‍ക്ക് ഗുണം
ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് റിപ്പോ നിരക്ക് വര്‍ധനവ് ഗുണകരമാണ്. പലിശ നിരക്ക് ഇതിന് അനുസരിച്ചുള്ള വര്‍ധനവ് വരുത്തും. ഏഴ് മാസത്തിനിടെ 225 ബേസിക് പോയിന്റാണ് പലിശ നിരക്കില്‍ വര്‍ധനവ് വരുത്തിയത്. ഇപ്പോള്‍ തന്നെ ബാങ്കുകള്‍ പലിശ നിരക്ക് 7.50 ശതമാനത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. യൂണിയന്‍ ബാങ്ക്, കാനറാ ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകള്‍ 7.50 ശതമാനം പലിശ നല്‍കുന്നുണ്ട്. സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ 8- 8.50 ശതമാനം പലിശയും നല്‍കുന്നു.
പുതുതായി വന്ന നിരക്ക് വര്‍ധനവോടെ ബാങ്കുകളുടെ പലിശ നിരക്കുകളില്‍ 25 ബേസിക് പോയിന്റിന്റെ വര്‍ധനവ് പ്രതീക്ഷിക്കാം. ബാങ്കുകളുടെ ക്രെഡിറ്റ് ഗ്രോത്തും പലിശ നിശ്ചയിക്കുന്നതിനെ സ്വാധീനിക്കുന്നുണ്ട്. ബാങ്കുകള്‍ക്ക് പണത്തിന്റെ ആവശ്യം കൂടുമ്പോള്‍ പലിശ നിരക്ക് വര്‍ധിക്കും.