കേന്ദ്ര ബജറ്റ് 2021: 75 വയസ്സു കഴിഞ്ഞവർ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട; ബജറ്റ് പ്രഖ്യാപനങ്ങൾ ഇങ്ങനെ

ദില്ലി: 75 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഇതേസമയം പെന്‍ഷന്‍, പലിശ വരുമാനം മാത്രമുള്ളവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.

ആദായനികുതിയിലെ തർക്കങ്ങൾ പരിഹരിക്കാൻ പുതിയ സമിതിയെ നിയോഗിക്കും. പ്രവാസി ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയിരുന്ന ഇരട്ട നികുതി കേന്ദ്രം ഒഴിവാക്കി. സ്റ്റാർട്ടപ്പുകൾക്ക് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന നികുതിയിളവ് ഒരു വർഷത്തേക്ക് കൂടി നീട്ടാനും കേന്ദ്രം തീരുമാനിച്ചു.

കർഷകക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. 2021-22 സാമ്പത്തികവര്‍ഷം ഗോതമ്പു കര്‍ഷകര്‍ക്ക് 75,000 കോടി രൂപ നല്‍കും. 43.36 ലക്ഷം കര്‍ഷകരാണ് ഇതിന്റെ ഗുണഭോക്താക്കളാവുക. നെല്‍ കര്‍ഷകര്‍ക്ക് 1.72 ലക്ഷം കോടി രൂപ ബജറ്റില്‍ സര്‍ക്കാര്‍ നീക്കിവെച്ചു. കാര്‍ഷിക വായ്പകള്‍ക്ക് 16.5 ലക്ഷം കോടി രൂപയും വകയിരുത്തപ്പെട്ടിട്ടുണ്ട്. ബജറ്റ് പ്രസംഗത്തിലെ സുപ്രധാന വിശദാംശങ്ങൾ ചുവടെ വായിക്കാം.

1:45 PM
Feb 1, 2021
എന്തിനൊക്കെ വില കുറയും?
ചെമ്പ് ഉത്പന്നങ്ങള്‍, വെള്ളി, സ്വര്‍ണം, സ്റ്റീല്‍, തുകല്‍ ഉത്പന്നങ്ങള്‍
1:44 PM
Feb 1, 2021
എന്തിനൊക്കെ വില കൂടും?
ഇറക്കുമതി ചെയ്ത തുണിത്തരങ്ങള്‍, ഇറക്കുമതി ചെയ്ത ഭക്ഷ്യ എണ്ണകള്‍, ഇറക്കുമതി ചെയ്ത വാഹന ഘകങ്ങള്‍
1:09 PM
Feb 1, 2021
നികുതി നിരക്കിൽ മാറ്റമില്ല
ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല. നികുതി പുനഃപരിശോധിക്കാനുള്ള സമയം 6 വര്‍ഷത്തില്‍ നിന്നും 3 വര്‍ഷമായി ചുരുക്കി. ആദായനികുതി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. പുതിയ കസ്റ്റംസ് ഡ്യൂട്ടി ഘടന 2021 ഒക്ടോബര്‍ 1 -ന് പ്രാബല്യത്തില്‍ വരും.
12:54 PM
Feb 1, 2021
ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചു.
12:53 PM
Feb 1, 2021
തിരഞ്ഞെടുത്ത വാഹന ഘടകങ്ങളുടെ കസ്റ്റംസ് തീരുവ 15 ശതമാനമായി സര്‍ക്കാര്‍ കൂട്ടി. സൗരോര്‍ജ്ജ വിളക്കുകള്‍ക്കുള്ള കസ്റ്റംസ് തീരുവ 5 ശതമാനമായി കുറഞ്ഞു.
12:52 PM
Feb 1, 2021
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. 2014 -ല്‍ 3.31 കോടി ജനങ്ങള്‍ മാത്രമായിരുന്നു ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തത്. 2020 -ല്‍ ഇത് 6.48 കോടിയായി വര്‍ധിച്ചു.
12:49 PM
Feb 1, 2021
സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നികുതിയിളവ് ഒരുവര്‍ഷത്തേക്ക് കൂടി സര്‍ക്കാര്‍ നീട്ടി.
12:46 PM
Feb 1, 2021
കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ഭവനപദ്ധതികള്‍ക്ക് കേന്ദ്രം നികുതി ഇളവുകള്‍ നല്‍കും.
12:44 PM
Feb 1, 2021
ആദായനികുതി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും.
12:44 PM
Feb 1, 2021
പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇരട്ട നികുതി കേന്ദ്രം ഒഴിവാക്കി.
12:40 PM
Feb 1, 2021
ഗവേഷണ, വികസന മേഖലയ്ക്ക് ബജറ്റില്‍ 50,000 കോടി രൂപ വകയിരുത്തി.
12:39 PM
Feb 1, 2021
നികുതി ഓഡിറ്റ് പരിധി 5 കോടിയില്‍ നിന്നും 10 കോടിയായി സര്‍ക്കാര്‍ ഉയര്‍ത്തി.
12:38 PM
Feb 1, 2021
75 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ആദായ നികുതി അടയ്‌ക്കേണ്ട. പെന്‍ഷന്‍, പലിശ വരുമാനം മാത്രമുള്ളവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് ധനമന്ത്രി.
12:33 PM
Feb 1, 2021
രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ വിനിമയം പ്രോത്സാഹിപ്പിക്കാന്‍ 1,500 കോടി രൂപ ബജറ്റില്‍ കേന്ദ്രം നീക്കിവെച്ചു.
12:31 PM
Feb 1, 2021
ദേശീയ ഇലക്ട്രോണിക് വിപണിയില്‍ രാജ്യത്തെ 1,000 കാര്‍ഷികോത്പന്ന വിപണന കേന്ദ്രങ്ങള്‍ (മണ്ഡികള്‍) ചേര്‍ക്കുമെന്ന് ധനമന്ത്രി.
12:29 PM
Feb 1, 2021
2025-26 സാമ്പത്തികവര്‍ഷമാകുമ്പോഴേക്കും രാജ്യത്തെ ധനക്കമ്മി ജിഡിപിയുടെ 5 ശതമാനമാക്കി നിജപ്പെടുത്തുമെന്ന് ധനമന്ത്രി.
12:28 PM
Feb 1, 2021
ബിപിസിഎല്‍, ഷിപ്പിങ് കോര്‍പ്പറേഷന്‍, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍, എയര്‍ ഇന്ത്യ തുടങ്ങിയ പൊതുമേഖലാ കമ്പനികളുടെ ഓഹരിവില്‍പ്പന അടുത്ത സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രം.
12:25 PM
Feb 1, 2021
അസമിലെ തേയില തൊഴിലാളികള്‍ക്ക് ബജറ്റില്‍ പ്രത്യേക പരിഗണന. 1,000 കോടി രൂപ ഇവര്‍ക്കായി കേന്ദ്രം വകയിരുത്തി. അസമിലെയും പശ്ചിമ ബംഗാളിലെയും വനിത ശിശുക്ഷേമത്തിന് പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുമന്നും ധനമന്ത്രി പ്രസംഗത്തില്‍ അറിയിച്ചു.
12:22 PM
Feb 1, 2021
കൊച്ചിയിലെ മത്സ്യബന്ധന തുറമുഖം വാണിജ്യ തുറമുഖമായി വിപുലപ്പെടുത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.
12:21 PM
Feb 1, 2021
ജനസംഖ്യാ കണക്കെടുപ്പ് ഇനി ഡിജിറ്റല്‍ മാര്‍ഗ്ഗത്തില്‍.
12:17 PM
Feb 1, 2021
രാജ്യത്ത് 100 സൈനിക സ്‌കൂളുകള്‍ കൂടി സ്ഥാപിക്കും. ലഡാക്കില്‍ കേന്ദ്ര സര്‍വകലാശാലയ്ക്ക് തുടക്കമിടാനും സര്‍ക്കാര്‍ നടപടി കൈക്കൊള്ളും.
12:16 PM
Feb 1, 2021
ദേശീയ വിദ്യഭ്യാസ നയത്തിന് കീഴില്‍ വിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ത്തും. ആദ്യഘട്ടത്തില്‍ രാജ്യത്തെ 15,000 സ്‌കൂളുകളാണ് ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴില്‍ പരിഗണിക്കപ്പെടുക.
12:15 PM
Feb 1, 2021
കർഷകക്ഷേമം ഉറപ്പാക്കും
കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 2021-22 സാമ്പത്തികവര്‍ഷം ഗോതമ്പു കര്‍ഷകര്‍ക്ക് 75,000 കോടി രൂപ നല്‍കും. 43.36 ലക്ഷം കര്‍ഷകരാണ് ഇതിന്റെ ഗുണഭോക്താക്കളാവുക. നെല്‍ കര്‍ഷകര്‍ക്ക് 1.72 ലക്ഷം കോടി രൂപ ബജറ്റില്‍ സര്‍ക്കാര്‍ നീക്കിവെച്ചു. കാര്‍ഷിക വായ്പകള്‍ക്ക് 16.5 ലക്ഷം കോടി രൂപയും വകയിരുത്തപ്പെട്ടു.
12:10 PM
Feb 1, 2021
എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന 2022 -ല്‍ നടക്കും. ഓഹരി വിറ്റഴിക്കലിലൂടെ 1.75 ലക്ഷം കോടി രൂപ 2021-22 സാമ്പത്തികവര്‍ഷം ലക്ഷ്യമിടുന്നതായി ധനമന്ത്രി.
12:04 PM
Feb 1, 2021
ഇന്‍ഷുറന്‍സ് രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി (എഫ്ഡിഐ) 74 ശതമാനമായി ഉയര്‍ത്തും. നിലവില്‍ 49 ശതമാനം വിദേശ നിക്ഷേപമാണ് ഇന്‍ഷുറന്‍സ് രംഗത്ത് സര്‍ക്കാര്‍ അനുവദിക്കുന്നത്.
12:03 PM
Feb 1, 2021
ഗ്രാമീണ അടുക്കളകള്‍ക്ക് സ്മാര്‍ട്ട് പരിവേഷം നല്‍കുന്ന പ്രധാനമന്ത്രിയുടെ ഉജ്വല പദ്ധതിയില്‍ 1 കോടി കുടുംബങ്ങളെ ചേര്‍ക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഉജ്വല പദ്ധതിയില്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ മലിനീകരണമുണ്ടാക്കുന്ന പുക അടുപ്പുകളോട് വിട പറയും.
12:01 PM
Feb 1, 2021
സെന്‍സെക്‌സ് 900 പോയിന്റ് നേട്ടത്തിലേക്ക് കുതിക്കുന്നു. നിഫ്റ്റി 250 പോയിന്റ് നേട്ടം മറികടന്നു.
11:57 AM
Feb 1, 2021
സൗരോര്‍ജ്ജ കോര്‍പ്പറേഷന് 1,000 കോടി; പുനരുപയുക്ത ഊര്‍ജ്ജ വികസന ഏജന്‍സിക്ക് 1,500 കോടി രൂപയും ബജറ്റ് വകയിരുത്തി. വൈദ്യുത വിതരണത്തിന് ഒന്നിലധികം കമ്പനികളുടെ സേവനം സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും നിര്‍മല സീതാരാമന്‍.
11:55 AM
Feb 1, 2021
ബജറ്റില്‍ ഊര്‍ജ്ജ മേഖലയ്ക്ക് 3.05 ലക്ഷം കോടി രൂപ വകയിരുത്തി. അടുത്ത 3 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 100 നഗരങ്ങളെക്കൂടി പാചകവാതക വിതരണ ശൃഖലയില്‍ ചേര്‍ക്കുമെന്നും ധനമന്ത്രി. ജമ്മു കശ്മീരില്‍ പ്രത്യേക വാതക പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം.
11:53 AM
Feb 1, 2021
യൂറോപ്പില്‍ നിന്നും ജപ്പാനില്‍ നിന്നും കൂടുതല്‍ കപ്പലുകള്‍ എത്തിക്കാനും സര്‍ക്കാര്‍ നടപടി കൈക്കൊള്ളും.
11:52 AM
Feb 1, 2021
പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ തുറമുഖങ്ങള്‍ക്കായി 2,000 കോടി രൂപ സര്‍ക്കാര്‍ വകിയിരുത്തി. 7 പദ്ധതികളാണ് ഇതിനായി കേന്ദ്രം നടപ്പിലാക്കാന്‍ ഒരുങ്ങുന്നതും.
11:50 AM
Feb 1, 2021
പൊതുമേഖലാ ബസുകള്‍ക്കായി 18,000 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. പൊതുവാഹനങ്ങളുടെ സൗകര്യ വികസനം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ഈ നടപടി.
11:48 AM
Feb 1, 2021
റെയില്‍വേയ്ക്കായി 1.10 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
11:48 AM
Feb 1, 2021
2.87 കോടി രൂപയുടെ ജല്‍ ജീവന്‍ പദ്ധതി നടപ്പാക്കും. മിഷന്‍ പോഷണ്‍ 2.0 എന്ന പേരില്‍ പോഷണ പദ്ധതിയുടെ രണ്ടാംഘട്ടം സര്‍ക്കാര്‍ ആവിഷ്‌കരിക്കും. നഗരകേന്ദ്രീകൃത രണ്ടാംഘട്ട സ്വച്ഛ് ഭാരത് പദ്ധതിക്ക് 1.42 ലക്ഷം കോടി രൂപയും ബജറ്റില്‍ കേന്ദ്രം വകയിരുത്തി.
11:45 AM
Feb 1, 2021
ഓഹരി വിപണി കുതിക്കുന്നു
ബജറ്റ് അവതരണത്തിനിടെ ഇന്ത്യൻ ഓഹരി സൂചികകൾ കുതിക്കുന്നു. സെൻസെക്സ് 770 പോയിന്റ് കയ്യടക്കി 47,060 നില കുറിച്ചു. നിഫ്റ്റി 213 പോയിന്റ് കുതിച്ച് 13,848 എന്ന നിലയിലെത്തി.
11:43 AM
Feb 1, 2021
മധുര - കൊല്ലം പാത ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ ദേശീയ പാത വികസനത്തിന് 1.03 ലക്ഷം കോടി രൂപ ബജറ്റില്‍ കേന്ദ്രം നീക്കിവെച്ചു. കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 1,967 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
11:42 AM
Feb 1, 2021
600 കോടി രൂപയുടെ മുംബൈ - കന്യാകുമാരി പാതയുടെ പൂര്‍ത്തീകരണവും കേന്ദ്രം ബജറ്റില്‍ ഉള്‍പ്പെടുത്തി. പശ്ചിമ ബംഗാളിന് 25,000 കോടി രൂപയുടെ പദ്ധതികളാണ് ബജറ്റില്‍ ലഭിച്ചിരിക്കുന്നത്.
11:41 AM
Feb 1, 2021
കേരളത്തിലെ റോഡ് വികസനത്തിനായി 65,000 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തി. മധുര - കൊല്ലം ദേശീയപാതയുടെ വികസനത്തിനാണ് ഈ തുക ചെല്ലുക. ഇതിന് പുറമെ കേരളത്തില്‍ 1,100 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മിക്കാനും കേന്ദ്രം നടപടിയെടുക്കും.
11:39 AM
Feb 1, 2021
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളത്തിനും പശ്ചിമ ബംഗാളിനും ബജറ്റില്‍ പ്രത്യേക പരിഗണന. ഇരു സംസ്ഥാനങ്ങള്‍ക്കും വേണ്ടി വന്‍ പദ്ധതികള്‍ കേന്ദ്രം ബജറ്റില്‍ ആവിഷ്‌കരിച്ചു.
11:37 AM
Feb 1, 2021
നടപ്പു വര്‍ഷം 11,000 കിലോമീറ്റര്‍ ദേശീയ പാത കൂടി പൂര്‍ത്തിയാക്കും, ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.
11:36 AM
Feb 1, 2021
അടുത്ത 3 വര്‍ഷത്തിനകം 7 ടെക്‌സ്റ്റൈല്‍ പാര്‍ക്കുകള്‍ രാജ്യത്ത് സ്ഥാപിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ഒപ്പം, റോഡ് അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ വാണിജ്യ ഇടനാഴികള്‍ പൂര്‍ത്തിയാക്കാന്‍ പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കും.
11:34 AM
Feb 1, 2021
നടപ്പു സാമ്പത്തികവര്‍ഷം അടിസ്ഥാന സൗകര്യ വികസനത്തിനായി 1 ലക്ഷം കോടി രൂപയുടെ 217 പദ്ധതികള്‍ കേന്ദ്രം നടപ്പിലാക്കി.
11:32 AM
Feb 1, 2021
വാഹനങ്ങൾക്ക് ഉപയോഗ കാലാവധി
രാജ്യത്തെ വാഹനങ്ങള്‍ക്ക് ഉപയോഗ കാലാവധി നിശ്ചയിക്കുന്ന സ്‌ക്രാപേജ് നയം ഉടന്‍ പ്രാബല്യത്തില്‍ വരും. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും ഉപയോഗ കാലാവധി നിശ്ചയിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
11:28 AM
Feb 1, 2021
കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ 35,000 കോടി രൂപ കേന്ദ്രം വകയിരുത്തി. ആരോഗ്യമേഖലയ്ക്കായി നീക്കിവെച്ചിരിക്കുന്നത് 2.23 ലക്ഷം കോടി രൂപ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 137 ശതമാനം വര്‍ധനവ് ആരോഗ്യമേഖലയില്‍ സംഭവിച്ചു.
11:26 AM
Feb 1, 2021
ജല ജീവന്‍ ദൗത്യത്തിനായി 2.87 ലക്ഷം കോടി രൂപ സര്‍ക്കാര്‍ നീക്കിവെച്ചു.
11:25 AM
Feb 1, 2021
വായു മലിനീകരണം കുറയ്ക്കാന്‍ കേന്ദ്രം നടപടികള്‍ ഊര്‍ജ്ജിതമാക്കും. ആദ്യ ഘട്ടത്തില്‍ 42 നഗര കേന്ദ്രങ്ങളിലെ വായു മലിനീകരണം പ്രതിരോധിക്കാന്‍ 2,217 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും.
11:23 AM
Feb 1, 2021
രാജ്യത്തെ ആരോഗ്യരംഗം മികവുറ്റതാക്കാന്‍ അടുത്ത ആറു വര്‍ഷത്തിനകം 64,180 കോടി രൂപ കേന്ദ്രം ചിലവഴിക്കും. പ്രാഥമിക തലം മുതല്‍ പരിഷ്‌കാര നടപടികള്‍ ആവിഷ്‌കരിക്കും. ദേശീയ ആരോഗ്യ ദൗത്യത്തിന് പുറമേയാണിത്.
11:19 AM
Feb 1, 2021
മുന്നോട്ടുള്ള നയപരിപാടികളും സ്വയംപര്യാപ്തതയില്‍ ഊന്നി ആവിഷ്‌കരിക്കും. ആരോഗ്യമേഖലയിലെ വിഹിതം കേന്ദ്രം കൂട്ടിയതായും ധനമന്ത്രി.
11:17 AM
Feb 1, 2021
ആത്മനിര്‍ഭര്‍ ഭാരത് പാക്കേജുകള്‍ക്കായി 27.1 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ചിലവഴിച്ചു. റിസര്‍വ് ബാങ്ക് നടപടികളും ഇതില്‍പ്പെടും. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 13 ശതമാനം ആത്മനിര്‍ഭര്‍ പാക്കേജുകള്‍ക്കായി ചിലവായി. സാമ്പത്തിക മേഖലയിലെ കുതിപ്പിന് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി അനിവാര്യമെന്ന് ധനമന്ത്രി.
11:16 AM
Feb 1, 2021
80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകാൻ സർക്കാറിന് സാധിച്ചു
11:15 AM
Feb 1, 2021
കോവിഡ് കാലത്ത് കര്‍ഷകര്‍ക്കും അസംഘടിത വിഭാഗങ്ങള്‍ക്കും കൂടുതല്‍ പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചു.
11:14 AM
Feb 1, 2021
രണ്ടു വാക്‌സിനുകള്‍ പുറത്തിറക്കി ഇന്ത്യ ജനതയ്ക്കും ലോകത്തിനും ആശ്വാസം പകര്‍ന്നു. രണ്ടു വാക്‌സിനുകള്‍ കൂടി ഇന്ത്യ പുറത്തിറക്കുമെന്ന് ധനമന്ത്രി.
11:12 AM
Feb 1, 2021
പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികള്‍ സഹായിച്ചു. ജിഡിപിയുടെ 13 ശതമാനം മൂന്ന് ആത്മനിര്‍ഭര്‍ ഭാരത് പാക്കേജുകള്‍ക്കായി ചിലവഴിച്ചു. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവരെ തുണച്ചു. ഒപ്പം, ലോക്ക്ഡൗണ്‍ കാലത്തെ നടപടികള്‍ രാജ്യത്തെ പിടിച്ചുനിര്‍ത്തിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.
11:08 AM
Feb 1, 2021
ആഗോള സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിഞ്ഞപ്പോഴും ഇന്ത്യ പിടിച്ചുനിന്നു: ധനമന്ത്രി
11:06 AM
Feb 1, 2021
പ്രതിസന്ധി കാലത്തെ ബജറ്റ്
മുന്‍ കാലങ്ങളില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത സാഹചര്യങ്ങളിലാണ് ബജറ്റ് അവതരണമെന്ന് കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനമന്ത്രി നിര്‍മല സീതാരാമന്‍ ആമുഖ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
11:03 AM
Feb 1, 2021
ലോക്സഭയിൽ പ്രതിപക്ഷ ബഹളം.
11:02 AM
Feb 1, 2021
സഭാനടപടികൾ തുടങ്ങി.
10:54 AM
Feb 1, 2021
കേന്ദ്ര ബജറ്റ് അവതരണം ഉടന്‍ ആരംഭിക്കും. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക. കേന്ദ്ര ബജറ്റിനൊപ്പം റെയില്‍വെ ബജറ്റും അവതരിപ്പിക്കും. ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
10:49 AM
Feb 1, 2021
ലോക്സഭ സ്പീക്കർ ഓം ബിർല പാർലമെന്റിലെത്തി.
10:18 AM
Feb 1, 2021
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആരോഗ്യമന്ത്രി ഹർ‍ഷ് വർധനും പാർലമെന്റിലെത്തി.
10:13 AM
Feb 1, 2021
ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും പാർലമെന്റിലെത്തി.
10:09 AM
Feb 1, 2021
പ്രതീക്ഷ കാക്കും
ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതായിരിക്കും ബജറ്റെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍. 'എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനത്തിന്, എല്ലാവരുടെയും വിശ്വാസത്തില്‍', എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാവാക്യം. ആത്മനിര്‍ഭര്‍ പാക്കേജിലൂടെ സാമ്പത്തിക സ്ഥിതി പഴയ നിലയിലെത്തിക്കുമെന്ന് താക്കൂര്‍ അറിയിച്ചു. രാവിലെ 11 മണിക്കാണ് ധനമന്ത്രിയുടെ ബജറ്റ് അവതരണം ആരംഭിക്കുന്നത്.
9:54 AM
Feb 1, 2021
സ്വകാര്യ ക്രിപ്റ്റോകറൻസികൾ നിരോധിക്കാൻ കേന്ദ്രം
ഇന്ത്യയില്‍ ബിറ്റ്‌കോയിനടക്കമുള്ള സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഡിജിറ്റല്‍ കറന്‍സി ബില്‍ അവതരിപ്പിക്കും. സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് പകരം റിസര്‍വ് ബാങ്ക് നേരിട്ട് പുറത്തിറക്കുന്ന ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇന്ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ സര്‍ക്കാര്‍ ഹാജരാക്കാന്‍ ആഗ്രഹിക്കുന്ന 20 ബില്ലുകളില്‍ ക്രിപ്‌റ്റോകറന്‍സി നിരോധിക്കാനുള്ള ബില്ലും ഉള്‍പ്പെടുന്നുണ്ട്.
9:48 AM
Feb 1, 2021
ബജറ്റ് അവതരണം ഡിജിറ്റല്‍ ടാബില്‍.
9:36 AM
Feb 1, 2021
10.15 -ന് കേന്ദ്രമന്ത്രിസഭാ യോഗം
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് കേന്ദ്ര ബജറ്റ് ഡിജിറ്റല്‍ രൂപത്തില്‍ മാത്രം അവതരിപ്പിക്കപ്പെടുന്നത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച്ച നടത്തി. 10.15 -ന് കേന്ദ്രമന്ത്രിസഭാ യോഗം ചേരും.
9:32 AM
Feb 1, 2021
ഓഹരി വിപണി ഉണർന്നു; സെൻസെക്സിൽ മുന്നേറ്റം
തിങ്കളാഴ്ച്ച ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങി. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 407 പോയിന്റ് വര്‍ധിച്ച് (0.88 ശതമാനം) 46,692 എന്ന നില കൈവരിച്ചു. എന്‍എസ്ഇ നിഫ്റ്റി സൂചിക 124 പോയിന്റ് കൂടി (0.91 ശതമാനം) 13,759 എന്ന പുതിയ നില രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടൈറ്റന്‍, എച്ച്ഡിഎഫ്‌സി, ബജാജ് ഫൈനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് ഓഹരികളാണ് പ്രധാന നേട്ടക്കാര്‍. ഈ കമ്പനികളുടെ ഓഹരികള്‍ 3.63 ശതമാനംവരെ നേട്ടം കയ്യടക്കിയത് കാണാം. എന്‍എസ്ഇ സൂചികയില്‍ ഐടി, ഫാര്‍മ ഉപസൂചികകളൊഴികെ മറ്റെല്ലാം നേട്ടത്തില്‍ തുടരുകയാണ്. നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക 1.50 ശതമാനം മുന്നേറ്റം കുറിച്ചിട്ടുണ്ട്.
9:25 AM
Feb 1, 2021
ജാഗ്രതയോടെ വിദേശ നിക്ഷേപകർ
കേന്ദ്ര ബജറ്റിന് മുന്നോടിയായി വിദേശ സ്ഥാപന നിക്ഷേപകര്‍ 5,930 കോടി രൂപയുടെ ഓഹരികളാണ് വെള്ളിയാഴ്ച്ച വിറ്റഴിച്ചത്. ഇതേസമയം, രാജ്യത്തെ തദ്ദേശീയ നിക്ഷേപകര്‍ 2,443 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുന്നതിനും വിപണി സാക്ഷിയായി. കഴിഞ്ഞ കലണ്ടര്‍ വര്‍ഷം 1.70 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ കയ്യടക്കി.
9:20 AM
Feb 1, 2021
കരുതൽധനം വർധിച്ചു
ജനുവരി 22 -ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ധനം 1.09 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചു. മൊത്തം കരുതല്‍ ധനത്തിന്റെ പ്രധാന ഭാഗമായ വിദേശ കറന്‍സി ആസ്തി 585.334 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു.
9:12 AM
Feb 1, 2021
ഓഹരി വിപണിയിലെ ചലനം
ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായി ഇന്ത്യന്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം തുടങ്ങുമെന്ന് പ്രതീക്ഷ. രാവിലെ സിംഗപ്പൂര്‍ എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി ഫ്യൂച്ചറുകള്‍ (എസ്ജിഎക്‌സ് നിഫ്റ്റി) നേട്ടത്തില്‍ ഇടപാടുകള്‍ ആരംഭിച്ചു. വെള്ളിയാഴ്ച്ച 13,724 പോയിന്റ് എന്ന താഴ്ന്ന നിലവാരത്തിലാണ് എസ്ജിഎക്‌സ് നിഫ്റ്റി വ്യാപരം പൂര്‍ത്തിയാക്കിയത്. തിങ്കളാഴ്ച്ച ഇന്ത്യന്‍ സൂചികകളില്‍ ടാറ്റ മോട്ടോര്‍സ്, ടെക്ക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ മുന്നേറ്റം നടത്തുമെന്ന് കരുതുന്നു.
8:59 AM
Feb 1, 2021
ബജറ്റിന് പിന്നിലെ കരങ്ങൾ
പുതിയ സാമ്പത്തികവര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് തയ്യാറാക്കിയ വിദഗ്ധ സമിതിയെ മുകളില്‍ കാണാം. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനൊപ്പം ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍, ധനകാര്യ സെക്രട്ടറി ഡോ അജയ് ഭൂഷണ്‍, സിബിഐസി ചെയര്‍മാന്‍ എം അജിത് കുമാര്‍, സിബിഐസി അംഗം വിവേക് ജോഹ്രി എന്നിവര്‍ നില്‍ക്കുന്നു. ബജറ്റിന് തലേദിവസം പകര്‍ത്തിയ ചിത്രം.
8:54 AM
Feb 1, 2021
പുതിയ ധനകാര്യസ്ഥാപനം
പുതിയ ധനകാര്യ പദ്ധതിയുടെ പ്രഖ്യാപനം കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിക്കാം. അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനായി പ്രത്യേക ധനകാര്യസ്ഥാപനം കേന്ദ്രം സ്ഥാപിക്കുമെന്നാണ് വിവരം. പൊതുമേഖലാ ബാങ്കുകളുടെ മൂലധനം ഉയര്‍ത്താനും സര്‍ക്കാര്‍ നടപടി കൈക്കൊള്ളാം. ഒപ്പം, വ്യക്തിഗത ആദായനികുതി സ്ലാബുകളുടെ പരിധി കൂട്ടുകയും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ തുക വര്‍ധിപ്പിക്കുകയും ചെയ്ത് ജനങ്ങളുടെ ഉപഭോഗശേഷി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തേക്കും.
8:42 AM
Feb 1, 2021
ആരോഗ്യ ഇൻഷുറൻസ്
ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളുടെ സ്വീകാര്യത കൂട്ടാന്‍ ബജറ്റില്‍ സര്‍ക്കാര്‍ നടപടിയെടുക്കും. നികുതിയിലെ ഇളവുകള്‍ വര്‍ധിപ്പിച്ചായിരിക്കും ജനങ്ങളെ ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളിലേക്ക് കേന്ദ്രം ആകര്‍ഷിക്കുക. കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്കുള്ള ഗ്രൂപ്പ് മെഡിക്കല്‍ ഇന്‍ഷുറന്‍സിനും ആരോഗ്യപരിപാലന പരിശോധനകള്‍ക്കും ഉയര്‍ന്ന നികുതി ആനുകൂല്യങ്ങള്‍ ഒരുങ്ങാന്‍ സാധ്യതയേറെ. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്താനും സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചേക്കും.
8:25 AM
Feb 1, 2021
ജനുവരിയില്‍ റെക്കോര്‍ഡ് ജിഎസ്ടി വരുമാനം
2021 ജനുവരിയില്‍ സര്‍ക്കാരിന്റെ നികുതി വരുമാനം 1.20 ലക്ഷം കോടി രൂപ തൊട്ടു. കഴിഞ്ഞവര്‍ഷം ജനുവരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 8 ശതമാനം അധിക ജിഎസ്ടി വരുമാനം കുറിക്കാന്‍ കേന്ദ്രത്തിന് സാധിച്ചു. ജിഎസ്ടി നിയമം നടപ്പിലാക്കിയതിന് ശേഷം സര്‍ക്കാരിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ജിഎസ്ടി വരുമാനമാണ് 2021 ജനുവരിയിലേത്.
8:13 AM
Feb 1, 2021
കഴിഞ്ഞ ബജറ്റില്‍ ലാഭവിഹിതവിതരണ നികുതി ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. തദ്ദേശവാസികളും പ്രവാസികളും സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട ലാഭവിഹിത നികുതിയില്‍ കഴിഞ്ഞ ബജറ്റ് അസമത്വം സൃഷ്ടിച്ചു. പ്രവാസികള്‍ക്ക് 20 ശതമാനം വരെയാണ് ഈ ഇനത്തില്‍ നികുതി നിശ്ചയിച്ചത്. രാജ്യത്ത് താമസിക്കുന്നവര്‍ക്ക് 35.88 ശതമാനം വരെ നികുതി ബാധകമായി. എന്തായാലും പുതിയ ബജറ്റില്‍ നിശ്ചിത ശതമാനം നികുതി നിരക്ക് പ്രഖ്യാപിച്ച് അസമത്വം നീക്കാന്‍ സര്‍ക്കാര്‍ തയ്യാറായേക്കും.
8:06 AM
Feb 1, 2021
വിവാദ് വിശ്വാസ് പദ്ധതി വിപുലപ്പെടുത്തുമോ?
2020 -ലെ ബജറ്റിലായിരുന്നു വിവാദ് വിശ്വാസ് പദ്ധതി സര്‍ക്കാര്‍ ആദ്യമായി പ്രഖ്യാപിച്ചത്. തര്‍ക്കനികുതിയുടെ 100 ശതമാനം അടച്ച് കേസ് തീര്‍പ്പാക്കാന്‍ പദ്ധതി ജനങ്ങളെ സഹായിക്കും; പിഴയില്‍ നിന്നും പലിശയില്‍ നിന്നും രക്ഷപ്പെടാന്‍ വിവാദ് വിശ്വാസ് പദ്ധതി സാഹചര്യമൊരുക്കും. പക്ഷെ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് പദ്ധതി ഫലപ്രദമായി നടന്നില്ല. പ്രതീക്ഷിച്ച പങ്കാളിത്തം പദ്ധതിക്കുണ്ടായില്ല. എന്തായാലും പുതിയ ബജറ്റില്‍ വിവാദ് വിശ്വാസ് പദ്ധതി ജനകീയമാക്കാന്‍ സര്‍ക്കാര്‍ നടപടികളെടുക്കുമെന്ന് സൂചനയുണ്ട്.
7:53 AM
Feb 1, 2021
റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഭേദഗതികള്‍ പ്രതീക്ഷിക്കാം. കോവിഡ് കാലം അതിരൂക്ഷമായാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ബാധിച്ചത്. വിപണി മൂല്യം കുത്തനെ ഇടിഞ്ഞു. പക്ഷെ സ്റ്റാംപ് ഡ്യൂട്ടിയടക്കമുള്ള നിരക്കുകളില്‍ മാറ്റമുണ്ടായില്ല. ഈ സാഹചര്യത്തില്‍ വിപണി വിലയില്‍ നികുതി കണക്കാക്കുന്നവിധമുള്ള ഭേദഗതികള്‍ ബജറ്റില്‍ കരുതാം.
7:45 AM
Feb 1, 2021
ഇറക്കുമതി തീരുവ കൂടാം
കോവിഡ് പ്രതിസന്ധിയില്‍ കേന്ദ്രത്തിന്റെ ചിലവുകള്‍ കുത്തനെയാണ് കൂടിയത്. വരുമാനം ഗണ്യമായി ഇടിയുകയും ചെയ്തു. ഈ സാഹചര്യത്തില്‍ രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന വിവിധ ഉത്പന്നങ്ങളുടെ തീരുവ കൂട്ടാന്‍ കേന്ദ്രം തീരുമാനിച്ചേക്കും. സ്മാര്‍ട്ട്‌ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ അന്‍പതിലധികം ഇനങ്ങളുടെ ഇറക്കുമതി തീരുവ 10 ശതമാനം വരെ ഉയര്‍ത്താന്‍ സാധ്യതയുണ്ട്.
7:35 AM
Feb 1, 2021
ധനസമാഹരണം
പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിച്ച് വരുമാനം കണ്ടെത്താന്‍ സര്‍ക്കാര്‍ പുതിയ ബജറ്റിലും നടപടിയെടുക്കുമെന്ന് സൂചനയുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) പോലുള്ള കമ്പനികളിലെ ന്യൂനപക്ഷ ഓഹരികളാണ് സര്‍ക്കാര്‍ വില്‍ക്കുക. ഇതുവഴി 40 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
7:28 AM
Feb 1, 2021
നാലു വര്‍ഷത്തിനകം ആരോഗ്യമേഖലയിലെ ചെലവ് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ നാലു ശതമാനമായി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി പുതിയ പദ്ധതികള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളും. ഇപ്പോഴുള്ള ഒരു ശതമാനം ആരോഗ്യനികുതി കൂട്ടിയും കോര്‍പ്പറേറ്റ് നികുതിയില്‍ നിന്ന് അധികവരുമാനം കണ്ടെത്തിയുമാകും പുതിയ പദ്ധതികള്‍ നടപ്പിലാക്കുക.
7:23 AM
Feb 1, 2021
ലോക്ക്ഡൗണ്‍ കാലത്ത് സംഭവിച്ച സാമ്പത്തിക നഷ്ടം നേരിടാന്‍ കമ്പനികളെ സഹായിക്കുന്നതിന് നിക്ഷേപ സൗഹൃദപദ്ധതികളും നഷ്ടം ക്രമീകരിക്കുന്നതിനായി പ്രത്യേക ആശ്വാസ നടപടികളും ബജറ്റില്‍ സര്‍ക്കാര്‍ തയ്യാറാക്കും. ഇതേസമയം, കോര്‍പ്പറേറ്റ് നികുതിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയില്ല.
7:07 AM
Feb 1, 2021
വ്യവസായമേഖലയുടെ തിരിച്ചുവരവിനും ഓഹരിവിറ്റഴിക്കല്‍ മുന്‍നിര്‍ത്തിയുള്ള ധനസമാഹരണത്തിനും നിര്‍മല സീതാരാമന്‍ പരിഗണന നല്‍കും.
7:06 AM
Feb 1, 2021
ആരോഗ്യമേഖലയ്ക്ക് ബജറ്റില്‍ പ്രത്യേക ഊന്നല്‍ ലഭിക്കുമെന്ന് സൂചനയുണ്ട്.
7:04 AM
Feb 1, 2021
നൂറ്റാണ്ടിലെ പ്രതിസന്ധി
ഈ നൂറ്റാണ്ടിൽ നേരിടാത്ത പ്രതിസന്ധിയിൽ ന്ന് ഇന്ത്യ പതിയെ കരകയറുകയാണ്. ഘട്ടംഘട്ടമായുള്ള തിരിച്ചവരവിനിടയിലാണ് 2021-22 സാമ്പത്തികവര്‍ഷത്തെ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്.
6:01 PM
Jan 29, 2021
2019-20 സാമ്പത്തികവർഷത്തെ വളർച്ച തിരുത്തി
2019-20 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാനിരക്ക് കേന്ദ്രം കുറച്ചു. 4.2 ശതമാനത്തിൽ നിന്നും 4 ശതമാനമായാണ് വളർച്ചാനിരക്ക് കുറഞ്ഞിരിക്കുന്നത്.
5:28 PM
Jan 29, 2021
ഇന്ത്യയുടെ കയറ്റുമതി കുറയും
നടപ്പുവര്‍ഷം ഇന്ത്യയുടെ കയറ്റുമതി 5.8 ശതമാനമായി കുറയുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ഇറക്കുമതി 11.3 ശതമാനം ഇടിയുമെന്നും പ്രവചനമുണ്ട്. എന്നാല്‍ വരുംനാളുകളില്‍ സര്‍ക്കാര്‍ എടുക്കാനിരിക്കുന്ന പുതിയ നടപടിക്രമങ്ങള്‍ കയറ്റുമതിയെ പിന്തുണയ്ക്കും.
5:07 PM
Jan 29, 2021
വാർത്താസമ്മേളനം അവസാനിച്ചു
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെവി സുബ്രമണ്യൻ വാർത്താസമ്മേളനം പൂർത്തിയാക്കി.
4:44 PM
Jan 29, 2021
17 വർഷത്തെ ഇടവേളയ്ക്ക് ശേഷം കറന്റ് അക്കൗണ്ട് മിച്ചത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കും. 2021 ജനുവരി 8 -ലെ കണക്കനുസരിച്ച് വിദേശനാണ്യ കരുതൽ നിധി എക്കാലത്തെയും ഉയർന്ന നിലയിലെത്തി (586.1 ബില്യൺ യുഎസ് ഡോളർ). ബാഹ്യകടം 2 ബില്യൺ ഡോളറായി കുറഞ്ഞുവെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്.
4:39 PM
Jan 29, 2021
സോവറിന്‍ ക്രെഡിറ്റ് റേറ്റിങ് നടപടിയില്‍ തിരുത്തലുകള്‍ ആവശ്യമാണ്. ഇപ്പോഴത്തെ റേറ്റിങ് മാതൃകയില്‍ സമ്പദ്ഘടനയുടെ അടിസ്ഥാനഘടകങ്ങള്‍ വിലയിരുത്തപ്പെടുന്നില്ല. വിദേശ നിക്ഷേപങ്ങളുടെ കടന്നുവരവിനെ ഇതു പലപ്പോഴും പ്രതികൂലമായി ബാധിക്കുന്നതായി കെവി സുബ്രണ്യന്‍.
4:35 PM
Jan 29, 2021
എന്തുകൊണ്ട് ഇന്ത്യയും ചൈനയും ക്രെഡിറ്റ് റേറ്റിങ്ങില്‍ പിന്നില്‍പ്പോകുന്നു?
ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിക്ക് പോലും 'AAA' റേറ്റിങ്ങാണ് ലഭിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെയും ചൈനയുടെയും ചിത്രമിതല്ല. ചൈനയുടെ റേറ്റിങ് 'A-' ആണ്. ഇന്ത്യയുടേത് 'BBB+' ഉം. സമ്പദ്ഘടനയുടെ വളര്‍ച്ച മുന്‍നിര്‍ത്തിയുള്ള റേറ്റിങ്ങുകളല്ല ഇന്ത്യയ്ക്കും ചൈനയ്ക്കും ലഭിക്കുന്നതെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്.
4:21 PM
Jan 29, 2021
പൊതു ആരോഗ്യ ചിലവുകള്‍ ജിഡിപിയുടെ 3 ശതമാനമായിരിക്കണം
പൊതു ആരോഗ്യ ചിലവുകള്‍ ജിഡിപിയുടെ 3 ശതമാനമായിരിക്കണമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. നിലവില്‍ ഇത് 1 ശതമാനം മാത്രമാണ്.
4:11 PM
Jan 29, 2021
കോവിഡ് കാലത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും സമ്പദ്ഘടന തകരുമായിരുന്നു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുകൊണ്ട് ജനങ്ങളുടെ ജീവിതവും ജീവിതമാര്‍ഗ്ഗങ്ങളും സംരക്ഷിക്കാന്‍ കഴിഞ്ഞതായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെവി സുബ്രമണ്യന്‍.
4:08 PM
Jan 29, 2021
എന്തുകൊണ്ട് 'വി' ആകൃതിയിലുള്ള തിരിച്ചുവരവ്?
ഇന്ത്യന്‍ സമ്പദ്ഘടന എന്തുകൊണ്ട് 'വി' ആകൃതിയില്‍ തിരിച്ചുവരുന്നു? ഇതിനുള്ള വിശദീകരണവും സാമ്പത്തിക സര്‍വേ നല്‍കുന്നുണ്ട്. നടന്നുകൊണ്ടിരിക്കുന്ന കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് യത്‌നം, സേവന മേഖലകളിലെ ഉണര്‍വ്, ഉപഭോക്തൃ-നിക്ഷേപ മേഖലകളിലെ വളര്‍ച്ച എന്നീ ഘടകങ്ങളാണ് സമ്പദ്ഘടനയ്ക്ക് 'വി' മാതൃകയിലുള്ള തിരിച്ചുവരവ് സമ്മാനിക്കുന്നത്.
4:05 PM
Jan 29, 2021
അതിവേഗം വളരുന്ന ലോകശക്തിയാവാന്‍ ഇന്ത്യ
അടുത്ത രണ്ടു വര്‍ഷംകൊണ്ട് ഇന്ത്യ ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തികശക്തിയാകുമെന്ന് രാജ്യാന്തര നാണ്യനിധി. ഇതേസമയം, നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാനിരക്ക് മൈനസ് 7.7 ശതമാനമായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍.
4:01 PM
Jan 29, 2021
സംസ്ഥാനങ്ങളുടെ പ്രകടനം — മഹാരാഷ്ട്ര ഏറ്റവും പിന്നില്‍
കോവിഡ് വ്യാപനവും മരണങ്ങളും നിയന്ത്രിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ നടത്തിയ പ്രകടനം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വിലയിരുത്തുന്നുണ്ട്. രണ്ടു കാര്യത്തിലും മഹാരാഷ്ട്രയാണ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും പിന്നില്‍. കോവിഡ് വ്യാപനം വ്യാപനം പിടിച്ചുനിര്‍ത്തുന്നതില്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബീഹാര്‍ സംസ്ഥാനങ്ങള്‍ മുന്നിലെത്തി. കോവിഡ് മരണങ്ങള്‍ പരിമിതപ്പെടുത്തുന്ന കാര്യത്തില്‍ കേരളം, തെലങ്കാന, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളും പ്രശംസ നേടി.
3:54 PM
Jan 29, 2021
കോവിഡ് വ്യാപനം നിയന്ത്രിച്ചു നിര്‍ത്താനും കോവിഡ് മരണങ്ങള്‍ പരിമിതപ്പെടുത്താനും ഇന്ത്യയ്ക്ക് സാധിച്ചു. കോവിഡ് കാലത്ത് നെഗറ്റീവ് സാമ്പത്തികവളര്‍ച്ചയാണ് ഇന്ത്യ കാഴ്ച്ചവെച്ചത്. എന്നാല്‍ വരുംഭാവിയില്‍ പോസിറ്റീവ് വളര്‍ച്ച രാജ്യം കയ്യടക്കുമെന്ന് സാമ്പത്തിക സര്‍വേ നിരീക്ഷിക്കുന്നതായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെവി സുബ്രമണ്യന്‍.
3:52 PM
Jan 29, 2021
ജിഡിപി വളര്‍ച്ച പിന്നീടാണെങ്കിലും തിരിച്ചുപിടിക്കാം. എന്നാല്‍ ജീവിതങ്ങള്‍ തിരിച്ചെടുക്കാനാകില്ല. ഈ തിരിച്ചറിവിലാണ് രാജ്യം കോവിഡ് കാലത്ത് നയരൂപീകരണം നടത്തിയത്. തുടക്കത്തില്‍ത്തന്നെ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനായി. സമ്പദ്ഘടന വൈകാതെ തകര്‍ച്ചയില്‍ നിന്നും കരകയറും: കെവി സുബ്രമണ്യന്‍
3:50 PM
Jan 29, 2021
കോവിഡ് മഹാമാരിയോടുള്ള ഇന്ത്യയുടെ പ്രതികരണമാണ് സാമ്പത്തിക സര്‍വേയില്‍ പ്രതിഫലിക്കുന്നതെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെവി സുബ്രമണ്യന്‍. നൂറ്റാണ്ടിലെ പ്രതിസന്ധിക്കിടയില്‍ ജീവിതങ്ങളും ഉപജീവനമാര്‍ഗ്ഗങ്ങളും രാജ്യം എങ്ങനെ മുറുക്കെപ്പിടിച്ചെന്ന് സാമ്പത്തിക സര്‍വേ വെളിപ്പെടുത്തും.
3:38 PM
Jan 29, 2021
വാർത്താസമ്മേളനം തുടങ്ങി
സാമ്പത്തിക സർവേയുടെ പശ്ചാത്തലത്തിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് മാധ്യമങ്ങളോട് സംസാരിക്കുന്നു.
3:24 PM
Jan 29, 2021
'വി' മാതൃകയില്‍ ജിഡിപി വളര്‍ച്ച
കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതും പിന്നാലെ കേന്ദ്രം പ്രഖ്യാപിച്ച ലോക്ക്ഡൗണുമാണ് നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യയുടെ വളര്‍ച്ച പിടിച്ചുകെട്ടിയത്. ഏപ്രില്‍ - ജൂണ്‍ പാദത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനം മൈനസ് 23.9 ശതമാനം രേഖപ്പെടുത്തി. രണ്ടാം ത്രൈമാസപാദത്തില്‍ കാര്യങ്ങള്‍ കുറച്ചുകൂടി താളം കൈവരിച്ചു. ഈ കാലഘട്ടത്തില്‍ മൈനസ് 7.5 ശതമാനം വളര്‍ച്ചാനിരക്കാണ് ഇന്ത്യ കാഴ്ച്ചവെച്ചത്. എന്തായാലും അടുത്ത സാമ്പത്തികവര്‍ഷം 'വി' ആകൃതിയിലായിരിക്കും സമ്പദ്ഘടന തിരിച്ചുവരികയെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.
3:19 PM
Jan 29, 2021
അതിവേഗ തിരിച്ചുവരവ്
രാജ്യത്തെ ബിസിനസുകള്‍ അതിവേഗം സാധാരണ നിലയിലേക്ക് മടങ്ങുന്നതും നിയന്ത്രണങ്ങള്‍ പതിയെ വിട്ടുമാറുന്നതും സമ്പദ്ഘടനയുടെ അതിവേഗ തിരിച്ചുവരവിന് വഴിതെളിക്കും. ഉത്സവകാലങ്ങളിലെ ഡിമാന്‍ഡും വരാനിരിക്കുന്ന നയരൂപീകരണങ്ങളും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ കാര്യമായി പിന്തുണയ്ക്കുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്.
3:17 PM
Jan 29, 2021
2019-20 സാമ്പത്തികവര്‍ഷം 4.2 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാനിരക്ക്. എന്നാല്‍ കോവിഡ് പ്രതിസന്ധിയില്‍ ആടിയുലഞ്ഞ നടപ്പു സാമ്പത്തികവര്‍ഷം നെഗറ്റീവ് വളര്‍ച്ചയാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കേന്ദ്രം പ്രവചിക്കുന്നത്. മൈനസ് 7.7 ശതമാനമായിരിക്കും രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയെന്ന് സര്‍വേ പ്രവചിക്കുന്നു. 1960-61 കാലഘട്ടത്തിന് ശേഷം ഇത് നാലാം തവണയാണ് ഇന്ത്യയുടെ ജിഡിപി കണക്കുകള്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്നത്. 1965-66, 1971-72 കാലഘട്ടങ്ങളില്‍ യുദ്ധവും വരള്‍ച്ചയും ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയെ പിന്നോട്ടു വലിച്ചിരുന്നു. 1979-80 കാലഘട്ടത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വവും വരള്‍ച്ചയും രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായി. മേല്‍പ്പറഞ്ഞ കാലങ്ങളില്‍ കാര്‍ഷിക ഉത്പാദനത്തില്‍ വലിയ ഇടിവ് സംഭവിക്കുന്നതും രാജ്യം കണ്ടിരുന്നു. എന്നാല്‍ 2020-21 വര്‍ഷം കാര്‍ഷിക മേഖല ഉണര്‍ന്നത് കാണാം. കോവിഡ് പ്രതിസന്ധിയാണ് ഇത്തവണ ഇന്ത്യയുടെ തകര്‍ച്ചയ്ക്കുള്ള പ്രധാന കാരണം.
3:10 PM
Jan 29, 2021
നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര വളര്‍ച്ച -7.7 ശതമാനമായിരിക്കുമെന്ന് സാമ്പത്തിക സർവേ.
3:08 PM
Jan 29, 2021
ശക്തമായി തിരിച്ചുവരും
കോവിഡ് കാലത്ത് പ്രതിസന്ധിയിലായ ഇന്ത്യന്‍ സമ്പദ്ഘടന 2021-22 സാമ്പത്തികവര്‍ഷം വന്‍മുന്നേറ്റം നടത്തും. നടപ്പു സാമ്പത്തികവര്‍ഷം ആദ്യ പാദം (ഏപ്രില്‍ - ജൂണ്‍) മൊത്തം ആഭ്യന്തര ഉത്പാദനം 23.9 ശതമാനം ചുരുങ്ങി. രണ്ടാം പാദത്തില്‍ 7.5 ശതമാനവും ജിഡിപി വളര്‍ച്ചാനിരക്ക് താഴോട്ടുപോയി. 2020-21 സാമ്പത്തികവര്‍ഷം -7.7 ശതമാനം വളര്‍ച്ചാനിരക്കാണ് സാമ്പത്തിക സര്‍വേ പ്രവചിക്കുന്നത്. അടുത്ത സാമ്പത്തികവര്‍ഷം 'വി' ഘടനയിലായിരിക്കും ഇന്ത്യന്‍ സമ്പദ്ഘടന തിരിച്ചെത്തുക.
3:07 PM
Jan 29, 2021
2021-22 സാമ്പത്തിക വര്‍ഷത്തില്‍ 11 ശതമാനം വരെ സാമ്പത്തികവളര്‍ച്ച പ്രതീക്ഷിക്കുന്നതായി നരേന്ദ്ര മോദി സര്‍ക്കാര്‍.
3:03 PM
Jan 29, 2021
ജിഡിപി വളര്‍ച്ചാ നിരക്ക് 11 ശതമാനം
2021-22 സാമ്പത്തിക വര്‍ഷത്തില്‍ 11 ശതമാനം വരെ സാമ്പത്തികവളര്‍ച്ച പ്രതീക്ഷിക്കുന്നതായി നരേന്ദ്ര മോദി സര്‍ക്കാര്‍.
3:00 PM
Jan 29, 2021
ബജറ്റ് സമ്മേളനം പുനരാരംഭിച്ചു
പാർലമെന്റിന്റെ ബജറ്റ് സമ്മേളനം പുനരാരംഭിച്ചു. സാമ്പത്തിക സർവേ ഫലം ധനമന്ത്രി സഭയിൽ സമർപ്പിച്ചു.
12:41 PM
Jan 29, 2021
രാജ്യസഭ വൈകീട്ട് മൂന്നിന് വീണ്ടും കൂടിച്ചേരും
ഇന്ന് വൈകീട്ട് മൂന്നിന് രാജ്യസഭ വീണ്ടും കൂടിച്ചേരും. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ സാമ്പത്തിക സര്‍വേ ഫലം സമര്‍പ്പിക്കും.
12:39 PM
Jan 29, 2021
വാര്‍ത്താസമ്മേളനം വൈകീട്ട് മൂന്നരയ്ക്ക്
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ കെ വി സുബ്രമണ്യന്‍ വൈകീട്ട് മൂന്നരയ്ക്ക് മാധ്യമങ്ങളെ കാണും. ധനമന്ത്രി നിര്‍മല സീതാരാമന്‍ സഭയില്‍ സമര്‍പ്പിക്കുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇദ്ദേഹം പങ്കുവെയ്ക്കും.
12:36 PM
Jan 29, 2021
ആത്മനിര്‍ഭര്‍ ഭാരത് എന്നാല്‍, ഉപരാഷ്ട്രപതി എം വെങ്കയ്യ നായുഡു പറയുന്നു
ഇന്ത്യയില്‍ വെച്ചുള്ള ഉത്പാദനം മാത്രമല്ല ആത്മനിര്‍ഭര്‍ ഭാരത് കൊണ്ടു ഉദ്ദേശിക്കുന്നത്. രാജ്യത്തെ ഓരോ പൗരന്റെയും ജീവിതനിലവാരം ഉയര്‍ത്താനും രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികള്‍ ലക്ഷ്യമിടുന്നു. കാര്‍ഷിക മേഖലയിലെ സ്വയം പര്യാപ്തതയും ആത്മനിര്‍ഭര്‍ ഭാരതിന്റെ പ്രഥമ ലക്ഷ്യമാണ്: എം വെങ്കയ്യ നായുഡു.
12:19 PM
Jan 29, 2021
ചൈനയ്ക്ക് സന്ദേശം
രാജ്യത്തിന്റെ രക്ഷയ്ക്ക് സാധ്യമായതെല്ലാം ചെയ്യും. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരെ നില്‍ക്കുന്ന ശക്തികളെ നേരിടും.
12:15 PM
Jan 29, 2021
150 ഓളം രാജ്യങ്ങള്‍ക്ക് അവശ്യമരുന്നുകള്‍ കൈമാറി
ആഗോളതലത്തില്‍ കോവിഡ് വാക്‌സിനുകള്‍ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. 150 ഓളം രാജ്യങ്ങള്‍ക്ക് ഇന്ത്യ അവശ്യമരുന്നുകള്‍ കൈമാറിയെന്ന് രാഷ്ട്രപതി പാര്‍ലമെന്റില്‍ അറിയിച്ചു.
12:12 PM
Jan 29, 2021
നയപ്രഖ്യാപനം ബഹിഷ്കരിച്ചു
പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു.
11:57 AM
Jan 29, 2021
നയപ്രഖ്യാപന പ്രസംഗം തുടരുന്നു
വെല്ലുവിളികൾക്കിടയിലും രാജ്യം പുരോഗതിയിലേക്ക്. ഒരുമയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങൾ ദൌർഭാഗ്യകരം.
11:49 AM
Jan 29, 2021
രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംസാരിക്കുന്നു
പാർലമെന്റിലെ ഇരു സഭകളെയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X