കയ്യിലൊരു സേവിംഗ്‌സ് അക്കൗണ്ട് ഇല്ലാത്തവർ ഇന്നത്തെ കാലത്ത് വളരെ കുറവായിരിക്കും. ഡിജിറ്റൽ പേയ്മെന്റ് വളരുന്ന കാലത്ത് ഇവയ്ക്ക് സേവിംഗ്‌സ് അക്കൗണ്ട് നിർബന്ധമാണ്. എന്നാൽ സേവിഗംസ് അക്കൗണ്ട് പണം അയക്കാനും സ്വീകരിക്കാനും മാത്രമാണോ. അല്ലെന്നാണ് ഉത്തരം. കയ്യിലൊരു സേവിംഗ്‌സ് അക്കൗണ്ടും അതിൽ വർഷത്തിൽ 20 രൂപയുമുണ്ടെങ്കിൽ 2 ലക്ഷത്തിന്റെ ആനുകൂല്യം നൽകുന്ന സർക്കാർ പദ്ധതിയെ പറ്റി പലർക്കും ധാരണയില്ലെന്നതാണ് സത്യം.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ ഒന്നായ പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന വഴി ഈ നേട്ടം ലഭിക്കും. ഇന്‍ഷൂറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി സുരക്ഷ ഭീമ യോജനവഴി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളെ ചെറിയ പ്രീമിയം അടവിലൂടെ സുരക്ഷിതമാക്കുകയെന്നതാണ് ലക്ഷ്യം. ഈ അപകട ഇൻഷൂറൻസിൽ ചേരാൻ സേവിംഗ്‌സ് അക്കൗണ്ടാണ് ആവശ്യം.

ആവശ്യകത
റോഡ് അപകടങ്ങളില്‍ രാജ്യത്ത് വര്‍ധിച്ചു വരികയാണ്. 2020 തില്‍ നിന്ന് 2021 ലേക്ക് എത്തുമ്പോള്‍ വാഹനാപകടങ്ങളില്‍ 16.8 ശതമാനം വര്‍ധനവാണുണ്ടായിരുന്നത്. 2021 ല്‍ രാജ്യത്ത് നടന്ന 4.03 ലക്ഷം വാഹനാപകടങ്ങളില്‍ നിന്നായി 1.55 ലക്ഷം മരണങ്ങളും 3.71 ലക്ഷം അപകടങ്ങളുമുണ്ടായി എന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്.

ഈ സഹാചര്യം ഇന്‍ഷൂറന്‍സിന്റെ ആവശ്യകത ഉയർത്തുന്നു. സ്വകാര്യ ഇന്‍ഷൂറന്‍സിലെ വലിയ തുകയുടെ പ്രീമിയമാണ് സാധാരണക്കാരെ ഇന്‍ഷൂറന്‍സില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്. ഇവിടെയാണ് പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന സഹായകമാകുന്നത്. 2022 മാർച്ച് വരെ 2,513 കോടി രൂപയാണ് പ്രധാനമന്ത്രി സുരക്ഷ ഭീമ യോജനയിൽ നിന്ന് ക്ലെയിം ചെയ്തതത്.
Also Read: 'സീറോ കോസ്റ്റ്' പേരിൽ മാത്രം; ചെലവ് രഹിത ഇഎംഐകൾ പലിശ ഈടാക്കുന്നത് ഇങ്ങനെയൊക്കെ

പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന
18നും 70 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന പദ്ധതിയിൽ ചേരാൻ സാധിക്കുക. പോളിസി ഉടമയ്ക്ക് 2 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങള്‍ പദ്ധതിയിൽ നിന്ന് ലഭിക്കും. ഇതിനായി വര്‍ഷത്തില്‍ 20 രൂപയാണ് പ്രീമിയം വരുന്നത്.
വര്‍ഷത്തില്‍ മെയ് 31ന് ഉള്ളില്‍ പണം സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന ഓട്ടോ ഡെബിറ്റാകുന്നതാണ് രീതി. മെയ് മുതൽ ഒരു വർഷത്തേക്കാണ് പോളിസിയുടെ കാലാവധി. പോളിസി ഉടമ വാഹനാപകടത്തില്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ നോമിനിക്ക് 2 ലക്ഷം രൂപയും അംഗവൈകല്യം സംഭവിച്ചാല്‍ 1 ലക്ഷം രൂപയും ലഭിക്കും.

ചേരുന്നത് എങ്ങനെ
പ്രധാനമന്ത്രി സുരക്ഷ ഭീമ യോജനയിൽ ചേരാനായി ജന്‍ സുരക്ഷ യോജന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യണം. വിവിധ ഭാഷകളിലുള്ള അപേക്ഷ ഫോം വെബ്സൈറ്റിൽ ലഭ്യമാകും. സേവിംഗ്‌സ് ബാങ്ക് നമ്പര്‍, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, നോമിനി വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി അപേക്ഷ പൂരിപ്പിക്കണം. ശേഷം ആവശ്യമായ രേഖകളും ഉള്‍പ്പെടുത്തി സേവിംഗ്‌സ് അക്കൗണ്ടുള്ള ബാങ്കില്‍ സമമർപ്പിക്കുകയാണ് പദ്ധതിയിൽ ചേരാനായി ചെയ്യേണ്ടത്.

എങ്ങനെ ക്ലെയിം ചെയ്യാം
ഇൻഷൂർ ചെയ്ത വ്യക്തി അപകടത്തിൽപ്പെടുമ്പോൾ പണം ലഭിക്കാനായി ബാങ്കിലും ഇന്‍ഷൂറന്‍സ് ഓഫീസിലും ക്ലെയിം ഫോം സമർപ്പിക്കുകയാണ് വേണ്ടത്. ഇതിനായി വെബ്സൈറ്റിൽ നിന്ന് ക്ലെയിം ഫോം ഡൗൺലോഡ് ചെയ്യണം. അപകടമരണം സംഭവിച്ച പോളിസി ഉടമയുടെ മരണ സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ ബാങ്കിൽ സമർപ്പിക്കണം. നടപടികള്‍ പൂര്‍ത്തിയായാല്‍ നോമിനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇൻഷൂറൻസ് പരിരക്ഷയെത്തും.