ഇന്ന് എല്ലാ തരം സാമ്പത്തിക ഇടപാടുകള്‍ക്കും ആവശ്യമായ രേഖയാണ് പാന്‍ കാര്‍ഡ്. ഇതിനാല്‍ തന്നെ പാന്‍ കാര്‍ഡ് എടുക്കേണ്ടത് അത്യാവശ്യമാണ്. ബാങ്ക് അക്കൗണ്ട്, നിക്ഷേപങ്ങള്‍ തുടങ്ങി ചെറുതും വലുതുമായ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പാന്‍ നിര്‍ബന്ധമായതിനാല്‍ പല ആവശ്യങ്ങള്‍ക്കും വാലറ്റില്‍ പാന്‍ കരുതേണ്ടതുണ്ട്. ഇതിനാല്‍ തന്നെ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഒരാള്‍ക്ക് ഒരു പാന്‍ കാര്‍ഡ് മാത്രമെ അനുവദിക്കുകയുള്ളൂ. ഇതിനാല്‍ പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പുതിയ പാന്‍ ലഭിക്കുക സാധ്യമല്ല. ഇതിന് പകരം ഡ്യൂപ്ലിക്കേറ്റ് കാര്‍ഡാണ് അനുവദിക്കുക. ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ആണെങ്കിലും പാന്‍ കാര്‍ഡിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതുവഴി സാധിക്കും.

പാന്‍ നഷ്ടപ്പെട്ടാല്‍ ആദ്യം എന്ത് ചെയ്യണം
പ്രധാനപ്പെട്ടൊരു രേഖ നഷ്ടപ്പെട്ടാല്‍ പരിഭ്രാന്തരാവുന്നതാണ് പൊതുവെയുള്ള സ്വഭാവം. ശാന്തമായി നഷ്ടപ്പെട്ട പാന്‍ കാര്‍ഡ് കണ്ടെത്താന്‍ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ഉടന്‍ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി നഷ്ടപ്പെട്ട/മോഷ്ടിക്കപ്പെട്ട പാന്‍ കാര്‍ഡിനെക്കുറിച്ച് എഫ്ഐആര്‍ ഫയല്‍ ചെയ്യുുകയാണ് വേണ്ടത്. ഇതിന് ശേഷം ഓൺലൈനായോ ഓഫ്‍ലൈനായോ പാൻ കാർഡ് ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാം. ഒറിജിനൽ പാൻ കാർഡ് കാണാതാവുകയോ മോഷ്ടിക്കപ്പെടുകയോ കാർഡിന് എന്തെങ്കിലും പറ്റുകയോ ചെയ്യുന്ന അവസരത്തിലും ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡിനായി അപേക്ഷിക്കാം.
പാൻകാർഡിലെ വിലാസം, ഒപ്പ്, മറ്റ് വിവരങ്ങൾ എന്നിവ മാറ്റണം എന്നുള്ള അവസരത്തിലും നിങ്ങൾക്ക് ഡ്യൂപ്ലിക്കേറ്റിനായി അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായും ഓഫ്‍ലൈനായും പാൻകാർഡ് ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാം, എങ്ങനെയെന്ന് നോക്കാം.

എങ്ങനെ അപേക്ഷിക്കാം
ഓണ്‍ലൈന്‍ പാന്‍ കാര്‍ഡ് അപേക്ഷിക്കാവുന്ന www.onlineservices.nsdl.com/paam/endUserRegisterContact.html എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. പേജില്‍ കാണുന്ന അപ്ലിക്കേഷന്‍ ടൈപ്പില്‍ Changes or Correction in Existing PAN Data/Reprint of PAN Card (No Changes in existing PAN Data)' തിരഞ്ഞെടുക്കുക. തൊട്ടടുത്ത് കാണുന്ന ഡ്രോപ്പ് ബോക്‌സില്‍ പാന്‍ കാര്‍ഡ് ടൈപ്പ് തിരഞ്ഞെടുക്കുക.
വ്യക്തിഗത പാന്‍ കാര്‍ഡ് ആണെങ്കില്‍ അത് തിരഞ്ഞെടുക്കണം. അടുത്ത ഘട്ടത്തില്‍ പേര്, ജനന തീയതി, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, പാന്‍ വിവരങ്ങള്‍ നല്‍കുക. ഇതേ പേജിലെ സെക്യൂരിറ്റി കോഡ് നല്‍കി അപേക്ഷ സമര്‍പ്പിക്കാം. ഇതോടെ ടോക്കണ്‍ നമ്പര്‍ ലഭിക്കും. ഇത് ഇ-മെയിലായും ലഭിക്കും.

ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ ഫോമിനായുള്ള പേജിലേക്ക് എത്തും. വ്യക്തിഗത വിവരങ്ങള്‍, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, രേഖകളുടെ വിവരങ്ങള്‍ എന്നിങ്ങനെ മൂന്ന് ഘ്ട്ടം പൂരിപ്പിക്കാനുണ്ട്. ഈ വിവരങ്ങള്‍ നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യാം. ഇതോടെ പെയ്‌മെന്റിനായുള്ള പേജിലേക്ക് പോകും നെറ്റ്ബാങ്കിംഗ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്ഡ്, ഡിമാന്റ് ഡ്രാഫ്റ്റ് വഴി പണമട്ക്കാം.

ഓഫ്‍ലൈനായി എങ്ങനെ അപേക്ഷിക്കാം
ഓഫ്‍ലൈനായുള്ള അപേക്ഷയ്ക്ക് തൊട്ടടുത്തുള്ള പാൻ അല്ലെങ്കിൽ NSDL-TIN ഫെസിലിറ്റേഷൻ സെന്ററുകൾ സന്ദർശിക്കുകയാണ് വേണ്ടത്. ഇതിന് ശേഷം പാൻ കാർഡ് മോഷ്ടിക്കപ്പെട്ടോ/തെറ്റിപ്പോയതായോ വിവരമറിയിച്ചാൽ ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡിനായുള്ള അപേക്ഷാ ഫോറം ആവശ്യപ്പെടുക. അപേക്ഷ ഫോമിലെ വിശദാംശങ്ങൾ പൂരിപ്പിച്ച്, എഫ്‌ഐആറിന്റെ പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോകളും ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും അറ്റാച്ച് ചെയ്ത ശേഷം സമർപ്പിക്കണം. പാൻ കാർഡ് ലഭിക്കേണ്ട വിലാസം അനുസരിച്ച് അടയ്ക്കേണ്ട തുക വ്യത്യാസപ്പെടും.