മുംബൈ: സംസ്ഥാനത്ത് ആശ്രിത നിയമനങ്ങളും സ്ഥിരപ്പെടുത്തലുകളും വെല്ലുവിളിയുയർത്തുന്ന സാഹചര്യത്തിൽ സർക്കാരിന് വെല്ലുവിളിയുയർത്തി തൊഴിലില്ലായ്മ നിരക്ക്. കേന്ദ്രസർക്കാർ നടത്തിയ പീരിയോഡിക് ലേബർ ഫോഴ്സ് സർവേയിലാണ് തൊഴിലില്ലായ്മയിൽ കേരളം ഒന്നാമതെത്തിയിട്ടുള്ളത്. 2020 ജനുവരി മുതൽ മാർച്ച് വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. 15നും 29നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ 40.5 ശതമാനം തൊഴിലില്ലായ്മയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദേശീയ ശരാശരി 21 ശതമാനമായിരിക്കെയാണ് കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് വർധിച്ചിട്ടുള്ളത്.
ഗ്രാമപ്രദേശങ്ങളിൽ 2020 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 35.8 ശതമാനവും നഗരപ്രദേശങ്ങളിൽ 34.6 ശതമാനവും തൊഴിലില്ലായ്മയാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 36 ശതമാനമാണെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക് ജനുവരി 14ന് വ്യക്തമാക്കിയത്. ദേശീയ ശരാശരിയെക്കാള്‍ ഇരട്ടിയാണ് ഇത്.
2018- 19 കാലയളവിലെ കണക്കാണ് ഇത്. കൊറോണ വൈറസ് പ്രതിസന്ധിക്കിടെ നിരവധി പേർക്ക് തൊഴിൽ നഷ്ടമായത് കൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തിന്റെ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചനകള്‍. 2019 ഒക്ടോബറിനും ഡിസംബറിനും ഇടയിലുള്ള കാലയളവിൽ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 36. 3 ശതമാനമായിരുന്നു. അതേ സമയം അടുത്ത പാദത്തിൽ 11. 57 ശതമാനം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.