ഉദാര പണനയം ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കി അമേരിക്കന്‍ കേന്ദ്രബങ്കായ ഫെഡറല്‍ റിസര്‍വിന്റെ ദ്വിദിന യോഗം പൂര്‍ത്തിയായി. ഡിസംബറില്‍ കൂടിയ യോഗത്തിനു ശേഷം പണപ്പെരുപ്പം 'അല്‍പ്പം മോശം' അവസ്ഥയിലെത്തി എന്നാണ് യോഗതീരുമാനം അറിയിക്കുന്ന പത്രസമ്മേളനത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ ചൂണ്ടിക്കാട്ടിയത്. ഇതോടെ 2020 മാര്‍ച്ചിന് ശേഷം 0.08 ശതമാനമായിരുന്ന അടിസ്ഥാന പലിശ നിരക്കുകള്‍ മാര്‍ച്ച് മാസം മുതല്‍ വര്‍ധിപ്പിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. ഇതോടെ കഴിഞ്ഞ ദിവസങ്ങളില്‍ താഴേക്ക് ഇറങ്ങിയിരുന്ന യുഎസ് ട്രഷറി ബോണ്ടുകളുടെ നിരക്ക് വീണ്ടും ഉയര്‍ന്നു. ഇത് ആഭ്യന്തര വിപണികള്‍ക്ക് ഗുണകരമല്ല.

നിരക്ക് വര്‍ധിക്കും
നേരത്തെ പലിശ വര്‍ധിപ്പിച്ച 2015- 2018 കാലയളവിനേക്കാള്‍ അമേരിക്കന്‍ സമ്പദ്ഘടന ഇന്ന് ശക്തമാണ്. എങ്കിലും പണപ്പെരുപ്പം വിതരണ മേഖലയിലെ താളപ്പിഴ കാരണം സമ്മര്‍ദം നേരിടുന്ന മേഖലയ്ക്കു പുറത്തേക്കും വ്യാപിച്ചിട്ടുണ്ട്. അത് ഇത്തിരി ആശങ്ക നല്‍കുന്ന കാര്യമാണ്. എങ്കിലും തൊഴില്‍ വിപണിയെ പ്രതിരോധത്തിലാക്കാതെ അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാനുളള സാധ്യതകള്‍ അവശേഷിക്കുന്നുണ്ടെന്നാണ് ജെറോം പവല്‍ സൂചിപ്പിച്ചത്. ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് പുറത്തേക്ക് പണപ്പെരുപ്പം പോകുകയാണെന്ന അഭിപ്രായവും അദ്ദേഹം പങ്കുവച്ചു.
Also Read: 52 ആഴ്ച താഴ്ച്ചയിലേക്ക് വീണ 10 'കേമന്‍' സ്റ്റോക്കുകള്‍; തിരിച്ചു വരവ് ഉറപ്പ്!

അവധാനതയോടെ
കോവിഡ് പ്രതിസന്ധി ഉടലെടുത്തപ്പോള്‍ നല്‍കിയ സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ ഏറക്കുറെ ലക്ഷ്യം കണ്ടിരുന്നു. ഇതിന്റെ ഫലമായി തൊഴിലവസരങ്ങള്‍ ഉയരുകയും സമ്പദ്ഘടന വീണ്ടും ഊര്‍ജസ്വലമാകുകയും ചെയ്തിരുന്നു. എന്നാല്‍ 40 വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് അമേരിക്കയിലെ പണപ്പെരുപ്പം. നിലവിലെ സൂചനകള്‍ പ്രകാരം കുറഞ്ഞത് 3 തവണയെങ്കിലും ഈ വര്‍ഷം പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. അതേസമയം, പലിശ നിരക്ക് വര്‍ധന ആസന്നമായതോടെ ഇനി എത്ര വീതമായിരിക്കും നിരക്ക് വര്‍ധനയെന്നതിലേക്ക് ആകാംക്ഷ വഴിമാറുകയാണ്. എങ്കിലും ഒരു അനിശ്ചിതത്വം മാറികിട്ടിയതിന്റെ ആശ്വാസവും വിപണിക്കുണ്ട്.

ആഗോള സൂചന
ചൊവ്വാഴ്ച ആരംഭത്തിലെ വമ്പന്‍ തകര്‍ച്ചയ്ക്കു ശേഷം സൂചിക അതിശക്തമായി തിരിച്ചുവരവ് നടത്തിയിരുന്നു. 16,836 വരെ താഴ്ന്ന സൂചികകള്‍ ഒടുവി്ല്‍ 128 പോയിന്റ് നേട്ടത്തില്‍ 17,277-ലാണ് ക്ലോസ് ചെയ്തിരുന്നത്. എന്നാല്‍, ഇന്ന് രാവിലെ സിങ്കപ്പൂര്‍ നിഫ്റ്റിയില്‍ വ്യാപാരം ആംരംഭിച്ചയുടന്‍ സൂചിക നിര്‍ണായകമായ 17,000 നിലവാരത്തിന് താഴേക്ക് പതിച്ചു. അതിനാൽ വ്യാഴാഴ്ച ആഭ്യന്തര വിപണിയില്‍ ഇടിവോടെ വ്യാപാരം ആരംഭിക്കാനാണ് എല്ലാ സാധ്യതയും. ഇതിനോടൊപ്പം ഡെറിവേറ്റീവ് വിഭാഗത്തിലെ മാസ, ആഴ്ച ഫ്യൂച്ചര്‍ & ഓപ്ഷന്‍ കോണ്‍ട്രാക്റ്റുകളുടെ എക്‌സ്പയറി ആയതിനാല്‍ കടുത്ത ചാഞ്ചാട്ടം പ്രതീക്ഷിക്കാം.
Also Read: തകര്‍പ്പന്‍ മൂന്നാം പാദഫലം; 40% ലാഭം നേടാം; നിക്ഷേപത്തിന് പരിഗണിക്കാവുന്ന 5 ഓഹരികളിതാ

നിഫ്റ്റിയില്‍ ഇനിയെന്ത് ?
നിഫ്റ്റിയില്‍ കഴിഞ്ഞ ദിവസം ശക്തമായി തിരിച്ചു വന്നിരുന്നു. 16,400 മുതല്‍ 18,350-ലേക്ക് നടന്ന സമീപകാല റാലി പൂര്‍ത്തിയാക്കി താഴേക്ക് വീണപ്പോള്‍, 80 ശതമാനം ഫിബനോസി റീട്രേസ്‌മെന്റ് നിലവാരത്തിലാണ് സൂചികകള്‍ ചൊവ്വാഴ്ച പിന്തുണയാര്‍ജിച്ച് തിരികെ കയറിയത്. നിലവില്‍ നിഫ്റ്റിയുടെ തൊട്ടടുത്തതും നിര്‍ണായകവുമായി സപ്പോര്‍ട്ട് 17,000 നിലവാരമാണ്. ഇത് തകര്‍ന്നാല്‍ 16,800 നിലവാരം പിന്തുണച്ചേക്കാം. 16,800 തകര്‍ക്കപ്പെട്ടാല്‍ നിഫ്റ്റി 16,400-ലേക്കുള്ള യാത്ര തുടങ്ങും. അതേസമയം, 17,300 നിലവാരത്തിന് മുകളില്‍ നില്‍ക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ ഷോര്‍ട്ട് കവറിംഗ് നടക്കാനും സൂചിക 17,400-ലേക്ക് കടക്കുകയും ചെയ്യാം. നിലവില്‍ തൊട്ടടുത്ത റെസിസ്റ്റന്‍സ് മേഖല 17,400 നിലവാരമാണ്. എന്തായാലും വിദേശ നിക്ഷേപകര്‍ എത്രയളവില്‍ ഇനി വില്‍പ്പന നടത്തും ബജറ്റ് പ്രഖ്യാപനങ്ങളേയും ആശ്രയിച്ചിരിക്കും വിപണിയുടെ തിരികെ വരാനെടുക്കുന്ന ദൈര്‍ഘ്യവും.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.