ചെലവ് കുറഞ്ഞ സൗകര്യ പ്രദമായ യാത്ര സാധിക്കുമെന്നതിനാലാണ് തീവണ്ടി യാത്രകളെ ജനം ഇഷ്ടപ്പെടുന്നതും കൂടുതൽ തിരഞ്ഞെടുക്കുന്നതും. ഇതിനാൽ തന്നെ തിരക്കുള്ള റൂട്ടുകളിൽ ടിക്കറ്റ് ലഭിക്കാൻ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. കേരളത്തിൽ നിന്ന് ബംഗളൂരു, ചെന്നൈ, കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള തീവണ്ടികൾ എന്നിവയിൽ ടിക്കറ്റിന് തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന സൗകര്യമാണ് തത്കാൽ ടിക്കറ്റ് ബുക്കിംഗ്.

തത്കാൽ ബുക്കിംഗ്
അവസാന നിമിഷം തീരുമാനിക്കുന്ന യാത്രകള്‍ക്ക് ടിക്കറ്റ് കിട്ടാന്‍ സാധ്യത വളരെ കുറവാണ്. ഇത്തരക്കാർക്കായി 1997 ലാണ് ഇന്ത്യൻ റെയിൽവെ തത്കാൽ സൗകര്യം ആരംഭിക്കുന്നത്. ജനറല്‍ ക്വാട്ടയില്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് തത്കാല്‍ ഉപകാരപ്പെടും.
ഇതിനായി ഓരോ തീവണ്ടിയിലും നിശ്ചിത ശതമാനം ടിക്കറ്റുകള്‍ നീക്കി വെയ്ക്കും. ചാർട്ട് തയ്യാറാക്കുന്നതിന് തൊട്ട് മുന്‍പുള്ള ദിവസമാണ് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. അതായത് തീവണ്ടി പുറപ്പെടുന്നതിന് തൊട്ട്മുൻപുള്ള ദിവസം. 15-ാം തീയതി യാത്രയുള്ള വ്യക്തി യാത്ര ചെയ്യാൻ ഉദ്യേശിക്കുന്ന തീവണ്ടി 14-ാം തീയതി പുറപ്പെട്ടുന്നുണ്ടെങ്കില്‍ 13-ാം തീയതി ടിക്കറ്റ് ബുക്ക് ചെയ്യണം.

സമയം
തത്കാൽ ടിക്കറ്റ് ബുക്കിംഗിന് സമയം പ്രധാനമാണ്. എസിക്ക് മുകളിലുള്ള ക്ലാസുകളിലെ തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് 10 മണിക്ക് ആരംഭിക്കും. സ്ലീപ്പര്‍ ക്ലാസ് തത്കാല്‍ ടിക്കറ്റുകള്‍ 11 മണിക്കാണ് ബുക്കിംഗ് ആരംഭിക്കുക.
യാത്രക്കാർക്ക് സ്വയം ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യത്തിനായി ആദ്യ 15 മിനുട്ട് അംഗീകൃത ഏജന്റുമാർക്ക് നിയന്ത്രണമുണ്ട്. ഒരു പിഎൻആറിൽ നാല് പേരെ ഉൾപ്പെടുത്താം. ഒരു ഐപി അഡ്രസിൽ നിന്ന് ഒരു ദിവസം ഒരാൾക്ക് ദിവസം 2 തത്കാൽ ടിക്കറ്റ് മാത്രമെ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. തത്കാൽ ടിക്കറ്റിൽ കൺസെഷൻ അനുവദിക്കില്ല.

ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കാന്‍ സാധിക്കും. ബർത്ത് അനുവദിച്ച തത്കാല്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ റീഫണ്ട് ലഭിക്കില്ല. വെയിറ്റ് ലിസ്റ്റ് ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ നിലവിലെ ചട്ടമനുസരിച്ച് തുക തിരികെ ലഭിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഓരോ ക്ലാസിലെയും ടിക്കറ്റ് ലഭ്യതയും തിരക്കും കണക്കിലെടുത്ത് സോണല്‍ റെയില്‍വേയ്ക്ക് തത്കാൽ പരിധി നിശ്ചയിക്കാൻ സാധിക്കും. എന്നാൽ തീവണ്ടിയുടെ ആകെ ശേഷിയുടെ 30 ശതമാനത്തിൽ കൂടുതൽ തത്കാൽ ക്വാട്ട വരാൻ പാടില്ല.

തത്കാൽ നിരക്ക്
സാധാരണ നിരക്കിനേക്കാള്‍ അധിക നിരക്ക് തത്കാൽ ടിക്കറ്റിന് ഈടാക്കും. ക്ലാസ്, മിനിമം തത്കാല്‍ ചാര്‍ജ്, പരമാവധി തത്കാൽ ചാ്ർജ് എന്നിങ്ങനെ
സെക്കന്റ് സിറ്റിംഗ്- 10 രൂപ, 15 രൂപ
സ്ലീപ്പര്‍ ക്ലാസ്- 100 രൂപ,-200 രൂപ
എസി 2ടെയര്‍- 400 രൂപ, 500 രൂപ
എസി 3ടെയര്‍- 300 രൂപ, 400 രൂപ
എസി ചെയര്‍ കാര്‍- 125 രൂപ, 225 രൂപ
എക്‌സിക്യൂട്ടീവ് ക്ലാസ്- 400 രൂപ, 500 രൂപ

വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങനെ
ഐആർസിടിസി വഴി ഓൺലൈനായും റെയിൽവെ സ്റ്റേഷനിൽ നിന്ന് ഓഫ്‍ലൈനായും തേഡ് പാർട്ടി ആപ്പ് വഴിയും ടിക്കറ്റ് ബുക്കിംഗ് ഏജന്റുമാർ വഴിയും തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വേഗത്തില്‍ ടിക്കറ്റ് ലഭിക്കാനുള്ള പൊടിക്കൈകള്‍ നോക്കാം. ഇതിന് മുൻപ് ഐആർസിടിസി അക്കൗണ്ടെടുക്കണം.

www.irctc.co.in എന്ന വെബ്‌സൈറ്റ് വഴിയോ ഐആര്‍സിടിസി ആപ്പ് വഴിയോ അക്കൗണ്ടെടുക്കാനും ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കും. അക്കൗണ്ടെടുത്ത ശേഷം മാസ്റ്റര്‍ ലിസ്റ്റ് തയ്യാറാക്കണം. മൈ പ്രൊഫൈല്‍ എന്ന ഭാഗത്ത് ഈ സൗകര്യമുണ്ടാകും. പേര്, പ്രായം, ബെര്‍ത്ത് പ്രിഫറന്‍സ്, ഐഡി കാര്‍ഡ് വിവരങ്ങള്‍ എന്നിവ നല്‍കണം. ഇതോടൊപ്പം മാസറ്റര്‍ ലിസ്റ്റില്‍ യാത്രക്കാരെ ഉള്‍പ്പെടുത്താനും സാധിക്കും. 20 യാത്രക്കാരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടുത്താം.

1- വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് തത്കാൽ ടിക്കറ്റ് ലഭിക്കുക. ഇതിനാല്‍ തത്കാല്‍ ടിക്കറ്റ് ആവശ്യമുള്ളവര്‍ എസി യാത്രക്കാര്‍ 9.57നും സ്ലീപ്പര്‍ യാത്രക്കാര്‍ 10.57നും ആപ്പില്‍ ലോഗിന്‍ ചെയ്യണം.
2- തീയതിയും സ്‌റ്റേഷന്‍ ഉള്‍പ്പെടയുള്ള യാത്ര വിവരങ്ങള്‍ നല്‍കിയാല്‍ ലഭിക്കുന്ന ലിസ്റ്റില്‍ നിന്ന് തീവണ്ടി തിരഞ്ഞെടുക്കുക.
3- യാത്ര ചെയ്യാന്‍ ഉദ്യേശിക്കുന്ന കോച്ച് തിരഞ്ഞെടുത്ത് യാത്രക്കാരുടെ വിവരങ്ങള്‍ ചേര്‍ക്കണം. മാസ്റ്റര്‍ ലിസ്റ്റില്‍ വിവരങ്ങള്‍ നല്‍കിയതിനാല്‍ സമയം ലാഭിക്കാം.
4- കോഡ് രേഖപ്പെടുത്തി പണമടച്ചാൽ ടിക്കറ്റ് സ്വന്തമാക്കാം.