പുതിയവാരം ഇന്ത്യന്‍ വിപണി നഷ്ടത്തില്‍ കയ്യിട്ടടിക്കുമ്പോഴും ടാറ്റ സ്റ്റീല്‍ മുകളിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ അഞ്ച് ദിവസവും 'ടോപ്പ് ഗിയറില്‍' പായുന്ന ടാറ്റ സ്റ്റീല്‍ ഓഹരികള്‍ തിങ്കളാഴ്ച്ച ആറ് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് കാലെടുത്തുവെച്ചു.
ഒരാഴ്ച്ചക്കിടെ 9 ശതമാനത്തിലേറെ ഉയര്‍ച്ചയാണ് നിക്ഷേപകര്‍ക്ക് ലഭിച്ചത്. ടെക്‌നിക്കല്‍ ചാര്‍ട്ടുകളില്‍ ടാറ്റ സ്റ്റീല്‍ പുത്തന്‍ ബ്രേക്കൗട്ട് പറഞ്ഞുവെയ്ക്കുന്നുണ്ട്. ഇന്നത്തെ മുന്നേറ്റം കൂടിയായതോടെ കണ്‍സോളിഡേഷന്‍ ഘട്ടത്തില്‍ നിന്നും സ്‌റ്റോക്ക് പുറത്തുകടന്നതായി കാണാം.

ടാറ്റ സ്റ്റീലിന്റെ ഉയര്‍ച്ചയ്ക്ക് പിന്നിലെ കാരണം അന്വേഷിക്കുകയാണോ? ഡിസംബര്‍ ഒന്നിന് കമ്പനിയുടെ എംഡിയും സിഇഒയുമായ ടിവി നരേന്ദ്രന്‍ നടത്തിയ പ്രസ്താവനയാണ് ഇപ്പോഴത്തെ മുന്നേറ്റത്തിന് ആധാരം. ഒഡീഷയില്‍ കമ്പനി നിക്ഷേപം തുടരുമെന്ന് ഇദ്ദേഹം പറയുകയുണ്ടായി. നിലവില്‍ രാജ്യത്തെ സ്റ്റീല്‍ ഉത്പാദനശേഷിയുടെ 25 ശതമാനം ടാറ്റ സ്റ്റീലിന്റെ പക്കല്‍ ഭദ്രമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 75,000 കോടി രൂപയുടെ നിക്ഷേപം കമ്പനി ഒഡീഷയില്‍ നടത്തിയിട്ടുണ്ട്. മുന്നോട്ട് ഇതുതുടരും.
തിങ്കളാഴ്ച്ചത്തെ വ്യാപാരത്തില്‍ 2 ശതമാനത്തിലേറെ ഉയര്‍ച്ച ടാറ്റ സ്റ്റീല്‍ ഓഹരികളില്‍ കാണാം. കഴിഞ്ഞ 5, 20, 50, 100, 200 ദിന മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് കമ്പനിയുടെ ഇപ്പോഴത്തെ നില്‍പ്പ്. ഇതേസമയം, നടപ്പുവര്‍ഷം നിറംമങ്ങിയ പ്രകടനമാണ് ഓഹരി വിപണിയില്‍ ടാറ്റ സ്റ്റീല്‍ കാഴ്ച്ചവെച്ചിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 4 ശതമാനം ഉയര്‍ന്ന സ്‌റ്റോക്ക് 2022 -ല്‍ 0.96 ശതമാനം നേട്ടം മാത്രമേ അറിയിക്കുന്നുള്ളൂ. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 138.63 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 82.71 രൂപ വരെയുള്ള താഴ്ച്ചയ്ക്കും കമ്പനി സാക്ഷിയാണ്.
ഇരുമ്പയിരിനും സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്കും ചുമത്തിയ 15 ശതമാനം കയറ്റുമതി തീരുവ കേന്ദ്രം പിന്‍വലിക്കുന്ന പശ്ചാത്തലവും ടാറ്റ സ്റ്റീലിന്റെ തേരോട്ടത്തിന് കരുത്തുപകരുന്നുണ്ട്.
'2022 മെയ് മാസം പ്രാബല്യത്തില്‍ വന്ന 15 ശതമാനം ഇറക്കുമതി തീരുവ സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നു. ആഭ്യന്തര സ്റ്റീല്‍ വ്യവസായത്തിന് ഈ തീരുമാനം ഗുണകരമാവും. കല്‍ക്കരിയുടെ ഇറക്കുമതി തീരുവയില്‍ കേന്ദ്രം കൈക്കൊണ്ടിട്ടുള്ള ഇളവുകളും സ്റ്റീല്‍ കമ്പനികളുടെ ചെലവ് കുറയ്ക്കാനിരിക്കുകയാണ്. അതുകൊണ്ട് അടുത്തപാദങ്ങളില്‍ ആഭ്യന്തര സ്റ്റീല്‍ സെക്ടര്‍ മെച്ചപ്പെട്ട വരുമാനവും ലാഭവും കാഴ്ച്ചവെക്കും', വെഞ്ച്വൂറ സെക്യുരിറ്റീസിന്റെ റിസര്‍ച്ച് മേധാവി വിനിത് ബോളിഞ്ച്കര്‍ പറയുന്നു.

ആഗോള വിപണിയില്‍ സ്റ്റീല്‍ ഡിമാന്‍ഡ് കുറയുന്നത് ചെറിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ വരുംഭാവിയില്‍ ഡിമാന്‍ഡും ഉണരുകയും സ്റ്റീല്‍ വില കയറുകയും ചെയ്യുന്നതോടെ ചെലവുകൂടിയ യൂറോപ്യന്‍ സ്റ്റീലില്‍ നിന്നും ചെലവുകുറഞ്ഞ ഇന്ത്യന്‍ സ്റ്റീലിലേക്ക് രാജ്യാന്തര വിപണി കണ്ണെത്തിക്കുമെന്ന കാര്യമുറപ്പ്. ആഭ്യന്തര സ്റ്റീല്‍ വ്യവസായത്തിന്റെ തലവരയാണിവിടെ തെളിയാന്‍ പോകുന്നത്. ഡിമാന്‍ഡ് ഉണര്‍ന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍ കയറ്റുമതി ഗണ്യമായി കൂടും. രാജ്യത്തെ ഏറ്റവും വലിയ സ്റ്റീല്‍ ഉത്പാദകരായ ടാറ്റ സ്റ്റീല്‍ ഈ സാഹചര്യത്തിന്റെ പ്രധാന ഗുണഭോക്താവായും മാറും.
'അടുത്തകാലത്താണ് ടാറ്റ സ്റ്റീല്‍ ഓഹരികള്‍ ആരോഹണം തുടങ്ങിയത്. കണ്‍സോളിഡേഷന്‍ മേഖലയില്‍ നിന്നും പുറത്തുകടക്കാന്‍ സ്റ്റോക്കിന് സാധിച്ചിട്ടുണ്ട്. മോശമല്ലാത്ത വോളിയം പിന്തുണ ലഭിക്കുന്നതുകൊണ്ട് ടാറ്റ സ്റ്റീല്‍ ബുള്ളിഷ് കുതിപ്പ് തുടരും. നിലവില്‍ 108 രൂപ നിലവാരത്തില്‍ സ്റ്റോക്കിന് പിന്തുണ ഒരുങ്ങുന്നുണ്ട്. 116-118 രൂപ നിലവാരത്തില്‍ അടിയന്തര പ്രതിരോധവും', ഏഞ്ചല്‍ വണ്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഡെറിവേറ്റീവ് റിസര്‍ച്ച് വിഭാഗം സീനിയര്‍ അനലിസ്റ്റ് ഓഷോ കൃഷന്‍ പറയുന്നു.
പണപ്പെരുപ്പം ഒരല്‍പ്പം കുറഞ്ഞ പശ്ചാത്തലത്തില്‍ ടാറ്റ സ്റ്റീല്‍ അടക്കമുള്ള എല്ലാ മെറ്റല്‍ സ്റ്റോക്കുകളിലും ആശ്വാസ റാലി കാണാം. എന്നാല്‍ പ്രതിദിന ചാര്‍ട്ടുകളില്‍ ടാറ്റ സ്റ്റീല്‍ ഓഹരികള്‍ അമിതമായി വാങ്ങപ്പെട്ട നിലയിലാണ്. നിക്ഷേപകര്‍ ഇപ്പോഴത്തെ നിലയില്‍ ലാഭമെടുക്കുന്നതാണ് ബുദ്ധി. നിക്ഷേപകര്‍ക്ക് 106 രൂപ നിലവാരത്തില്‍ സ്റ്റോക്ക് സമാഹരിക്കാം. വരും ആഴ്ച്ചകളില്‍ കമ്പനിയുടെ ഓഹരി വില 121 രൂപ വരെ എത്താന്‍ സാധ്യതയുണ്ട്', ടിപ്‌സ് ടു ട്രേഡില്‍ നിന്നും അഭിജിത്ത് പറയുന്നു.
2022 സെപ്തംബര്‍ പാദം ദുര്‍ബലമായ സാമ്പത്തിക കണക്കുകളാണ് ടാറ്റ സ്റ്റീല്‍ പുറത്തുവിട്ടത്. കഴിഞ്ഞപാദം കമ്പനിയുടെ ഏകീകൃത അറ്റാദായം 90 ശതമാനമിടിഞ്ഞ് 1,297 കോടി രൂപയിലേക്കെത്തി. വര്‍ധിച്ച ചെലവുകള്‍ കഴിഞ്ഞതവണ ടാറ്റ സ്റ്റീലിന് വിനയായി.