ലാഭവും നഷ്ടസാധ്യതയും ബിസിനസിന്റെ രണ്ടു വശങ്ങളാണ്. നഷ്ടസാധ്യത (റിസ്‌ക്) കൂടുതലുള്ള സംരംഭങ്ങളില്‍ താരതമ്യേന ലാഭസാധ്യതയും ഉയര്‍ന്നതായിട്ടാണ് കാണപ്പെടാറുള്ളത്. ഇത്തരത്തില്‍ നോക്കിയാല്‍ റിസ്‌ക് എടുത്ത് നേട്ടം കൊയ്യുന്നവരില്‍ മുന്‍പന്തിയിലാണ് അദാനി ഗ്രൂപ്പിന്റെ സ്ഥാനം. സാധ്യതകള്‍ തിരിച്ചറിഞ്ഞ് ചങ്കൂറ്റത്തോടെ കാശിറക്കിയും ചടുലമായ ബിസിനസ് നീക്കങ്ങളിലൂടെയും ഏറ്റെടുക്കലുകളിലൂടെയും വളര്‍ച്ചയുടെ പടവുകള്‍ അതിവേഗത്തിലാണ് അദാനി ഗ്രൂപ്പ് ചവിട്ടിക്കയറുന്നത്.

അടുത്തിടെയാണ് സ്വിസര്‍ലാന്റ് ബഹുരാഷ്ട്ര കമ്പനിയായ ഹോള്‍സിമ്മിന്റെ പക്കല്‍ നിന്നും രാജ്യം സാക്ഷ്യംവഹിച്ചതില്‍ ഏറ്റവും വലിയ ബിസിനസ് ഇടപാടിലൂടെ അംബുജ സിമന്റ്‌സും എസിസി സിമന്റ്‌സും ഏറ്റെടുത്ത് അദാനി ഗ്രൂപ്പ് സിമന്റ് വ്യവസായ രംഗത്തേക്ക് കടന്നു വന്നത്. 1,050 കോടി യുഎസ് ഡോളര്‍ ചെലവിട്ട് നടത്തിയ ഏറ്റെടുക്കലോടെ രാജ്യത്തെ രണ്ടാമത്തെ വലിയ സിമന്റ് ഉത്പാദകരെന്ന സ്ഥാനവും ഒറ്റയടിക്ക് നേടിയെടുത്തു.
എന്നാല്‍ ബിര്‍ള ഗ്രൂപ്പ് കൈവശം വെച്ചിരിക്കുന്ന സിമന്റ് വ്യവസായ മേഖലയിലെ പ്രഥമ സ്ഥാനം ലക്ഷ്യമിട്ട് മറ്റൊരു കമ്പനിയെ കൂടി ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ് നീക്കം തുടങ്ങി.
Also Read: അടിസ്ഥാനം ഭദ്രം! 2023-ലേക്ക് ഇപ്പോള്‍ വാങ്ങാവുന്ന 5 മിഡ് കാപ് ഓഹരികള്; പരിഗണിക്കാം

ജെപീ ഗ്രൂപ്പിന്റെ ഭാഗമായ ജെപീ പവര്‍ വെഞ്ച്വേര്‍സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിമന്റ് നിര്‍മാണ കമ്പനിയെ അദാനി ഗ്രൂപ് ഏറ്റെടുക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. അംബുജ സിമന്റ്സ്/ എസിസി സിമന്റ്സ് എന്നിവയില്‍ ഏതെങ്കിലും ഒരു കമ്പനിയിലൂടെയാകും ജെപീ പവറിന് കീഴിലുള്ള സിമന്റ് കമ്പനിയെ ഏറ്റെടുക്കുക. 5,000 കോടിക്ക് കരാര്‍ ഉറപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
2014-ല്‍ മദ്ധ്യപ്രദേശിലെ നൈഗ്രിയില്‍ ആരംഭിച്ച 20 ലക്ഷം ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള സിമന്റ് നിര്‍മാണ യൂണീറ്റും മറ്റ് ചെറുകിട ആസ്തികളുമാണ് വില്‍ക്കുന്നത്. ജെപീ ഗ്രൂപ്പിന്റെ കടബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വില്‍പന. കരാറിനെ കുറിച്ചുള്ള പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും.

ജെപീ പവര്‍ ഓഹരി വാങ്ങണോ ?
ബുധനാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ 7.70 രൂപയിലാണ് ജെപീ പവര്‍ വെഞ്ച്വേര്‍സ് ഓഹരിയുടെ ക്ലോസിങ്. നിലവില്‍ ജെപീ പവര്‍ ഓഹരിക്ക് 6.50 രൂപ നിലവാരത്തില്‍ ശക്തമായ സപ്പോര്‍ട്ട് ലഭിക്കുന്നുണ്ട്. അതേസമയം 9.50 രൂപയില്‍ നിന്നും പ്രതിരോധവും നേരിടുന്നു. 9.50 രൂപ നിലവാരം മറികടന്നാല്‍ ജെപീ പവര്‍ ഓഹരിക്ക് 11-12 രൂപയിലേക്ക് മുന്നേറാനാകും.
എന്നാല്‍ 11.20 രൂപ നിലവാരം ഭേദിച്ച് ഓഹരി ക്ലോസ് ചെയ്യാതെ പുതിയ നിക്ഷേപത്തിനായി പരിഗണിക്കരുത്. 11.20 രൂപ നിലവാരം മറികടക്കാനായാല്‍ ഹ്രസ്വകാലയളവില്‍ ജെപീ ഓഹരിക്ക് (BSE: 532627, NSE : JPPOWER) 13 രൂപയിലേക്ക് ഉയരാനാകുമെന്നും പ്രോഫീഷ്യന്റ് ഇക്വിറ്റീസിന്റെ മനോജ് ഡാല്‍മിയ വ്യക്തമാക്കി.

അദാനിയുടെ ലക്ഷ്യം
രാജ്യത്തെ പ്രതിശീര്‍ഷ സിമന്റ് ഉപയോഗം 250 കിലോഗ്രാം നിലവാരത്തിലാണുള്ളത്. നിലവിലുള്ള ഈ 250 കിലോ ഉപയോഗം വര്‍ധിച്ച് 1,200 കിലോയിലേക്കു വൈകാതെ ഉയരുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. ആ സാധ്യത മുന്നില്‍ കണ്ടാണ് സിമന്റ് കമ്പനികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. ഇതിനെ സാധൂകരിക്കുംവിധം അടുത്തിടെ ഏറ്റെടുത്ത അംബുജയുടേയും എസിസിയുടേയും ഉത്പാദനശേഷി അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയാക്കുമെന്നും അദാനി പ്രഖ്യാപിച്ചിട്ടുണ്ട്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.