സംരഭകൻ ആകാനുള്ള ആഗ്രഹം മനസിലുള്ള ഒരുപാട് പേരുണ്ടാകും ഇന്ന് നാട്ടിൽ. പലരും ആശയം ആലോചിച്ച് നടക്കുന്നു. ആശയം കയ്യിലുണ്ടെങ്കിലും സംരംഭത്തിലേക്ക് പണമിറക്കാനുള്ള ബുദ്ധിമുട്ടിലാകും മറ്റു ചിലർ. സാധാരണ ഗതിയിൽ സംരംഭമെന്ന നിലയിൽ ചെറുകിട ഭക്ഷ്യോത്പാദന യൂണിറ്റുകൾ, വസ്ത്ര നിർമാണ കേന്ദ്രങ്ങൾ തുടങ്ങിയവയാണ് നാട്ടിമ്പുറങ്ങളിൽ ആരംഭിക്കുന്നത്. ഇതിൽ നിന്ന് മാറി ചിന്തിക്കുന്നവരാണെങ്കിൽ ഇനി പറയുന്ന പദ്ധതി നിങ്ങൾക്കുള്ളതാണ്.

സർക്കാർ പദ്ധതി
പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാറുകൾ സംരംഭകർക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും ഇതിനെ പറ്റി കൃത്യമായ ധാരണയില്ലാത്തതിനാലാണ് പലർക്കും അവസരങ്ങൾ നഷ്ടപ്പെടുന്നത്. സബ്സിഡി മുതൽ ബിസിനസ് നടത്തുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ പോലും സർക്കാർ ഏജൻസികൾ നൽകുന്നുണ്ട്.
നിങ്ങളുടെ കയ്യിൽ പുതുമയുള്ള ആശയമുണ്ടെങ്കിൽ നിങ്ങൾക്കും സഹായം ലഭിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി സഹായം ലഭിക്കുന്നഒരു തദ്ദേശ സ്ഥാപനം ഒരു ആശയം (One Local Government One Idea - OLOI) എന്ന പദ്ധതി സംസ്ഥാനത്ത് തുടക്കം കുറിച്ചിട്ടുണ്ട്, ഇനി സംരംഭകരെ സഹായിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കുമാകും.

ഒരു തദ്ദേശ സ്ഥാപനം ഒരു ആശയം
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ഒരു തദ്ദേശ സ്ഥാപനം ഒരു ആശയം (One Local Government One Idea - OLOI). സംസ്ഥാന സർക്കാർ കെ-ഡിസ്ക് എന്ന സംവിധാനത്തിന്റെ നേതൃത്വത്തിലാണ് പദ്ധതിക്ക് രൂപം നൽകിയത്. ഓരോ തദ്ദേശ സ്ഥാപനത്തിന് കീഴിലും പരിഹാരമില്ലാതെ തുടരുന്ന വികസന പ്രശ്നങ്ങളെയും പരിഹരിക്കാൻ ഉതകുന്ന പുത്തൻ ആശയങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത്.

സംരഭകർക്ക് എങ്ങനെ ഉപകാരപ്പെടും
പ്രാദേശികമായി തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ ലഭ്യമായ പുത്തൻ ആശയങ്ങൾക്ക് വിവിധ തലത്തിലുള്ള പിന്തുണ ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംരഭകന്റെ ആശയത്തിന് ഗവേഷണ സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവരുടെ പിന്തുണ ഉറപ്പാക്കും. ഇത്തരത്തിൽ വിവിധ വൈദഗ്ധ്യങ്ങൾ കൂട്ടിയിണക്കി നാടിന്റെ വികസനത്തിന് ആക്കം കൂട്ടാനാണ് പദ്ധതി ശ്രമിക്കുന്നത്.
ഇതുവഴി ഓരോ തദ്ദേശ സ്ഥാപനത്തിനും ജനപങ്കാളിത്തത്തോടെ ഒരു നൂതന ആശയമെങ്കിലും കണ്ടെത്തി ഫലപ്രദമായി നടപ്പാക്കാം. ഈ സാധ്യത പരമാവധി ഉപയോഗിപ്പെടുത്താൻ പുതിയ ആശയക്കാർക്ക് സാധിക്കും.
Also Read: ബാങ്ക് വായ്പയുണ്ടോ? ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ അധിക പലിശയിൽ കുടുങ്ങും

പുത്തൻ ആശയങ്ങൾക്ക് മാർക്ക്
തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുക എന്നത് കൂടി പദ്ധതി മുന്നോട്ട് വെയ്ക്കുന്ന ആശയമാണ്. യുവാക്കളില തൊഴിലില്ലായ്മ പ്രശ്നം മറികടക്കാൻ തൊഴിൽ നൈപുണ്യം ഉയർത്തി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഒരു തദ്ദേശ സ്ഥാപനം ഒരു ആശയം വഴി ഉദ്യേശിക്കുന്നത്. ഇതിനാൽ പരമ്പരാഗത പദ്ധതികളുടെ ആവർത്തനമല്ലാത്ത നൂതനാശയങ്ങളുടെയും സംരംഭങ്ങളുടെയുമാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യം. സമൂഹത്തിൽ നിന്നും ഉയർന്നു വരുന്ന പുത്തൻ ആശയങ്ങൾ സ്വീകരിച്ച് പ്രായോഗികമായി നടപ്പാക്കും.
Also Read: ഈ ക്രെഡിറ്റ് കാര്ഡുകള് കയ്യിലുണ്ടോ; യാത്ര ചെലവുകളില് നല്ല ഇളവ് നേടാം

തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടണം
ഇപ്പറഞ്ഞ രീതിയിൽ കയ്യിലൊരു ഒരു നൂതന ആശയമുണ്ടെങ്കിൽ തദ്ദേശ സ്ഥാപനവുമായി ഉടൻ ബന്ധപ്പെട്ടാൽ ഒരു തദ്ദേശ സ്ഥാപനം ഒരു ആശയം പദ്ധതിയുടെ വിശദാംശങ്ങൾ ലഭിക്കും. തൊഴിൽ സംരംഭം ആരംഭിക്കാനുള്ള എല്ലാ സഹായങ്ങളും തദ്ദേശ സ്ഥാപനത്തിൽ നിന്ന് ലഭിക്കും. സബ്സിഡി, ബാങ്ക് വായ്പ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും അറിയാം. അവിടെ നിയമിതരായിട്ടുള്ള ഇന്റെണുകളുടെ സേവനം പ്രയോജനപ്പെടുത്താം. തദ്ദേശ സ്ഥാപനം നടത്തുന്ന തൊഴിൽ സഭയിലും സംരംഭകർക്ക് പ്രധാന പങ്കുണ്ട്.