ഒന്നല്ല ഒന്നിലധികം ക്രെഡിറ്റ് കാർഡുകളാണ് ഇന്ന് ഓരോരുത്തരുടെയും കയ്യിൽ. ഓരോ ആവശ്യങ്ങൾക്കും ഉപയോഗിക്കാനായി ഓരോ തരം ക്രെഡിറ്റ് കാർഡുകൾ ആവശ്യമാണ്. ക്രെഡിറ്റ് കാര്‍ഡ് കയ്യിലുണ്ടെങ്കില്‍ ചെലവാക്കാല്‍ കൂടുതല്‍ സൗകര്യപ്രദമായാണ്. എന്നാല്‍ ചെലവാക്കുന്ന തുക മുഴുവനും ഒരു നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചടയ്‌ക്കേണ്ടതാണ്.
ക്രെഡിറ്റ് ലിമിറ്റ് പരിഗണിക്കാതെ തിരിച്ചടവ് ശേഷിക്ക് അനുയോജ്യമായ തുക മാത്രം ചെലവാക്കുന്നതാണ് ഉചിതം. ഇതുവഴി സമയം വൈകാതെ, കുടിശ്ശിക വരുത്താതെ ക്രെഡിറ്റ് കാര്‍ഡ് ബില്ലടയ്ക്കാന്‍ സാധിക്കും. ഈ രീതി പിന്തുടരുന്നൊരാള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഒരിക്കലും തലവേദനയല്ല. ഇതിനായി പിന്തുടരേണ്ട 5 ശീലങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

ബജറ്റ് തയ്യറാക്കുക
കൃത്യമായ ബജറ്റ് തയ്യാറാക്കുന്നത് ആവശ്യമായ ചെലവുകളെയും അനാവശ്യ ചെലവുകളെയും തരംതിരിക്കാന്‍ സഹായിക്കും. ഇതനുസരിച്ച് ഓരോന്നിനും എത്ര തുക ചെലവാക്കണമെന്ന് മനസിലാക്കാം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ബജറ്റിന് അനുസരിച്ച് ചെലവാക്കാന്‍ ശ്രമിച്ചാല്‍ ചെലവുകളെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. ഇത് സാമ്പത്തിക അച്ചടക്കത്തിനൊപ്പം കൃത്യസമയത്ത് കുടിശ്ശിക വരുത്താതെ ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കാന്‍ സഹായിക്കും.

സമയത്തുള്ള തിരിച്ചടവ്
വായ്പ തിരിച്ചടവ് പോലെ തന്നെയാണ് ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്‌ക്കേണ്ടതും. വൈകി ക്രെഡിറ്റ് കാര്‍ഡ് ബില്ലടയ്ക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ കാര്യമായി ബാധിക്കും. ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ അനുവദിക്കുന്ന നിശ്ചിത ദിവസ(due date)ത്തിനപ്പുറം ബില്ലടയ്ക്കാന്‍ കാലതാമസം വരുത്തിയാല്‍ ഉയര്‍ന്ന പലിശ ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ ഈടാക്കും.
കൃത്യ സമയത്തെ തിരിച്ചടവ് വലിയ പലിശ അടയ്ക്കുന്ന ബാധ്യതയില്‍ നിന്ന് ഒഴിവാക്കും. മിനിമം തുക ഇടയ്ക്കിടെ അടയ്ക്കുന്നതിന് പകരം മുഴുവന്‍ തുകയും സമയത്തിന് മുന്‍പായി അടയ്ക്കുന്ന ശീലം കൊണ്ടു വരണം.

ഷോപ്പിംഗ് ഭ്രമം
സ്വന്തം ബജറ്റിലെ ചെലവാക്കല്‍ പ്ലാനിന് അനുസരിച്ച് ഷോപ്പിംഗ് നടത്തുന്നത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് നേട്ടമാണ്. ഷോപ്പിംഗ് വഴി ലഭിക്കുന്ന ഡിസ്‌ക്കൗണ്ടുകളും റിവാര്‍ഡുകളും ഉപയോഗപ്പെടുത്താം. എന്നാല്‍ യാതൊരു ശ്രദ്ധയുമില്ലാതെ നടത്തുന്ന ചെലവാക്കലുകള്‍ ക്രെഡിറ്റ് കാര്‍ഡ ബില്ലിനെ ഉയരങ്ങളിലെത്തിക്കും. തിരിച്ചടവ് മുടങ്ങിയാല്‍ മുകളില്‍ പറഞ്ഞ പ്രയാസങ്ങള്‍ നേരിടേണ്ടി വരും. ഇതോടൊപ്പം റിവാര്‍ഡുകളും ക്യാഷ് ബാക്കുകളും ലഭിക്കാനായി മാത്രം നടത്തുന്ന ഷോപ്പിംഗ് രീതിയും ഒഴിവാക്കേണ്ടതാണ്.

ക്രെഡിറ്റ് ഉപയോഗ അനുപാതം
ക്രെഡിറ്റ് കാര്‍ഡിന്റെ പരിധിയും ഉപയോഗിച്ച തുകയും സംബന്ധിച്ച കണക്കാണ് ക്രെഡിറ്റ് ഉപയോഗ അനുപാതം. ഉദാഹരണത്തിന് 1 ലക്ഷം രൂപ ക്രെഡിറ്റ് പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡ് ഉടമ മാസത്തില്‍ 80,000 രൂപ ചെലവാക്കിയാല്‍ ക്രെഡിറ്റ് ഉപയോഗ അനുപാതം 80 ശതമാനമാണ്.
ഇത് കൂടുതലായി ക്രെഡിറ്റിനെ ആശ്രയിക്കുന്നു എന്ന് കാണിക്കുന്നു. ഇതിനാല്‍ ഈ അനുപാതം തുടര്‍ച്ചയായ ഉയര്‍ന്ന് നില്‍ക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ക്രെഡിറ്റ് ഉപയോഗ അനുപാതം 30 ശതമാനമാക്കുന്നതാണ് ഉചിതം.

അമിത ചെലവ് നിയന്ത്രിക്കുക
ഇതിനോടകം തന്നെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വളരെയധികം തുക ചെലവാക്കുകയും വലിയ തുക കുടിശ്ശിക വരുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ ഈ ബാധ്യത തീർക്കാനാകണം പ്രഥമ പരിഗണന നൽകേണ്ടത്. കുടിശ്ശികയുള്ള ബിൽ തുക ഇഎംഐകളാക്കി മാറ്റി തരാൻ ക്രെഡിറ്റ് കാർഡ് കമ്പനിയോട് ആവശ്യപ്പെടാം. ഇതുവഴി ബാധ്യത ഗഡുക്കളായി എളുപ്പം തിരിച്ചടയ്ക്കാൻ സാധിക്കും. ക്രെഡിറ്റ് കാർഡ് പലിശയേക്കാൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ബാങ്ക് സ്ഥിര നിക്ഷേപത്തിനെതിരായ വായ്പകളെടുത്ത് വേഗത്തിൽ തിരിച്ചടവ് പൂർത്തിയാക്കാുക.