സ്വന്തം പണത്തിന് സുരക്ഷ വർധിക്കുന്നതിനെ ഓരോരുത്തരും സന്തോഷത്തോടെയാണ് കാണുന്നത്. സുരക്ഷയും അതിനൊപ്പം മികച്ച ആദായവും നൽകുന്ന നിക്ഷേപ പദ്ധതികളെയാണ് ഓരോരുത്തരും അന്വേഷിക്കുന്നത്. പൊതുവെ ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ സുരക്ഷിത മാർഗമാക്കി കണ്ട് എല്ലാവരും നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നുണ്ട്. ബാങ്കുകൾ നിശ്ചിത തുകയ്ക്ക് വരെ മാത്രമെ ഗ്യാരണ്ടി നൽകുന്നുള്ളൂ.
ഇതിനാൽ തന്നെ പണം പൂർണമായും സുരക്ഷിതമായിരിക്കുന്ന നിക്ഷേപങ്ങളുണ്ടോയെന്ന് അന്വേഷിക്കാം. ഇവിടെയാണ് ലഘു സമ്പാദ്യ പദ്ധതികളുടെ സ്ഥാനം. കേന്ദ്രസർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപമായതിനാൽ നിക്ഷേപിക്കുന്ന പണത്തിന്റെ സുരക്ഷയെ പറ്റി പേടിക്കേണ്ടതില്ല. ഇത്തരത്തിലുള്ള നിക്ഷേപങ്ങളെ വിശദാമായി നോക്കാം.

ലഘു സമ്പാദ്യ പദ്ധതികൾ
കേന്ദ്ര സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങളാണ് ലഘു സമ്പാദ്യ പദ്ധതികൾ. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ലഘു സമ്പാദ്യ പദ്ധതികൾ നിയന്ത്രിക്കുന്നത്. രാജ്യത്തുടനീളമുള്ള 1.54 ലക്ഷം പോസ്റ്റ് ഓഫീസുകളിലൂടെയും ചില പദ്ധതികൾ പൊതുമേഖലാ ബാങ്കുകളുടെ ശാഖകളിലൂടെയും ചേരാൻ സാധിക്കും. 2016 മുതൽ എല്ലാ ത്രൈമാസങ്ങളിലും ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പുനഃപരിശോധിക്കുന്നുണ്ട്. 7.6 ശതമാനം വരെയാണ് ഒക്ടോബർ- ഡിസംബർ പാദത്തിൽ ലഭിക്കുന്ന പലിശ നിരക്ക്.

പദ്ധതികൾ
ലഘുസമ്പാദ്യ പദ്ധതികളിൽ കാലാവധിക്കനുസരിച്ച് വ്യത്യസ്ത പലിശ നിരക്കാണ്. പോസ്റ്റ് ഓഫീസ നടപ്പാക്കുന്ന 1-3 വർഷം കാലാവധിയുള്ള ടൈം ഡെപ്പോസിറ്റുകൾ, അഞ്ച് വർഷം കാലാവധിയുള്ള ടൈം ഡെപ്പോസിറ്റ്, ആവർത്തന നിക്ഷേപം, മാസ വരുമാനം പദ്ധതി നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, പിപിഎഫ്, സുകന്യ സമൃദ്ധി, സീനിയർ സിറ്റസൺ സേവിംഗ് സ്‌കീം എന്നിവ ലഘു സമ്പാദ്യ പദ്ധതികളിൽ ഉൾപ്പെടുന്നു.

പലിശ നിരക്ക്
ഒക്ടോബർ- ഡിസംബർ പാദത്തിലേക്കുള്ള ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സെപ്റ്റംബർ 30നാണ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുത്ത ടില പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര ധനമന്ത്രാലയം ഉയർത്തിയിരുന്നു.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ 2, 3 വർഷ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശക്കും പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി, സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം, കിസാൻ വികാസ് പത്ര എന്നിവയുടെ പലിശ നിരക്കുകളാണ് ഉയർത്തിയത്. പദ്ധതിയിൽ ഉൾപ്പെടുന്ന ഓരോ നിക്ഷേപത്തിന്റെയും പലിശ നിരക്ക് നോക്കാം.

* 1 വര്‍ഷ ടൈം ഡെപ്പോസിറ്റ്- 5.5%. 10,000 രൂപയ്ക്ക് വര്‍ഷത്തില്‍ 561 രൂപ പലിശ ലഭിക്കും.
* 2 വര്‍ഷ ടൈം ഡെപ്പോസിറ്റ്- 5.7%. 10,000 രൂപയ്ക്ക് വര്‍ഷത്തില്‍ 561 രൂപ പലിശ ലഭിക്കും.
* 3 വര്‍ഷ ടൈം ഡെപ്പോസിറ്റ്- 5.8%
* 5 വര്‍ഷ ടൈം ഡെപ്പോസിറ്റ്- 6.7%. 10,000 രൂപയ്ക്ക് വര്‍ഷത്തില്‍ 687 രൂപ പലിശ ലഭിക്കും.
* 5 വര്‍ഷ ആവര്‍ത്തന നിക്ഷേപം- 5.8%. മാസം 100 രൂപ നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തിന് ശേഷം 6969 രൂപ ലഭിക്കും.

* സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം- 7.6%. 10000 രൂപ നിക്ഷേപിച്ചാല്‍ ത്രൈമാസത്തില്‍ 185 രൂപ ലഭിക്കും.
* മാസ വരുമാന പദ്ധതി-6.7%. 10,000 രൂപ നിക്ഷേപിച്ചാല്‍ 55 രൂപ മാസത്തില്‍ ലഭിക്കും,
* നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്- 6.8%. 1000 രൂപ നിക്ഷേപിച്ചാല്‍ 1,389 രൂപ കാലാവധിയില്‍ ലഭിക്കും.
* പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്-7.1%
* കിസാന്‍ വികാസ് പത്ര- 7%. 123 മാസം കൊണ്ട് പണം ഇരട്ടിക്കും.
* സുകന്യ സമൃദ്ധി യോജന- 7.6%